ദിനകരൻ പക്ഷത്ത് ചോർച്ച; സര്‍ക്കാറിന് പിന്തുണയുമായി വനിത എം.പി
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ ദിനകരന് പക്ഷത്തെ വനിത എം.പി എടപ്പാടി പളനിസാമി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. തെങ്കാശി എം.പി വാസന്തി മുരുകേശനാണ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചത്. ഡി.എം.കെയുമായി ചേർന്ന് സര്‍ക്കാറിനെ താഴെയിറക്കാനുള്ള ദിനകരെൻറ നിലപാടിനെ അംഗീകരിക്കാനാകാത്തതുകൊണ്ടാണ് എടപ്പാടി പക്ഷത്ത് ചേരുന്നതെന്ന് ഇവര്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ നീക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച ദിനകരന് പക്ഷ എം.പിമാരുടെ സംഘത്തില്‍ വാസന്തിയുമുണ്ടായിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി പളനിസാമിയെയും ഉപമുഖ്യമന്ത്രി പന്നീര്‍സെല്‍വത്തെയും നേരില്‍ കണ്ടാണ് വാസന്തി പിന്തുണ അറിയിച്ചത്. കൂടുതല്‍ എം.പിമാരും എം.എല്‍.എമാരും ദിനകരന് പക്ഷത്തുനിന്ന് സര്‍ക്കാറിനൊപ്പം ചേരുമെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ദിനകരന് പക്ഷ എം.പിമാരുടെ എണ്ണം എട്ടില്‍നിന്ന് ഏഴായി കുറഞ്ഞു.
അതേസമയം, പളനിസാമി- പന്നീർസെൽവം വിഭാഗങ്ങൾ ജനറൽ കൗൺസിൽ തീരുമാനം ഡൽഹിയിലെത്തി തെരഞ്ഞെടുപ്പ് കമീഷന് ൈകമാറി. താൽക്കാലിക ജനറൽ സെക്രട്ടറിയായിരുന്ന ശശികലയെയും അവർ നിയോഗിച്ച ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരെനയും പുറത്താക്കിയെന്നും പാർട്ടി പേരും രണ്ടില ചിഹ്നവും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ പേരും ചിഹ്നവും കമീഷൻ മരവിപ്പിച്ചത്. അതിനിടെ, ജോലി തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന ദിനകരൻ പക്ഷ എം.എൽ.എയും മുൻ ഗതാഗത മന്ത്രിയുമായ സെന്തിൽ ബാലാജി മദ്രാസ് ഹൈകോടതിയിൽ മുൻകൂർ ജാമ്യം തേടി. മന്ത്രിയായിരുന്ന കാലത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് നാലുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സെന്തിലിെൻറ ബിനാമി ഇടപാടുകാരുടെ കരൂരിലെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.