യു.ഡി.എഫ് കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി:: യു.ഡി.എഫ് കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന് താത്പര്യം വികസനത്തിലാണ്. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവും. ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണ്.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത്. സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ അതിൻ്റെ പേരിൽ പക്ഷെ ഒരു വികസന പ്രവർത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി എഫിൻ്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയിലിരിപ്പാണ് യു.ഡി.എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ൽ സർക്കാർ വന്ന് ആഴ്ച്ചകൾ കഴിഞ്ഞില്ല, അതിനു മുന്നേ എതിർപ്പ് ഉയർത്തി. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബി.ജെ.പിയും യു.ഡി.എഫും ഒരേ മാനസികാവസ്ഥയിൽ ആണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക ഒന്നും ഏൽക്കുന്നില്ല. യു.ഡി എഫ് സംസ്കാരത്തിലല്ല എൽ.ഡി.എഫ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.