അവധിക്കാലത്തെ ഉയർന്ന വിമാനയാത്രക്കൂലി ചൂഷണമാണെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അവധിക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും വിമാനയാത്രയ്ക്ക് ഏർപ്പെടുത്തുന്ന ഉയർന്ന നിരക്ക് പ്രവാസികളേയും ആഭ്യന്തര യാത്രക്കാരെയും ചൂഷണം ചെയ്യലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ആരംഭിച്ച എക്‌സ്പാറ്റ് പ്രിൻറ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടു പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.
ദൂരം കണക്കാക്കി ശാസ്ത്രീയമായി നിരക്കു നിശ്ചയിക്കുമ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാണു വിശേഷ അവസരങ്ങളിൽ വിമാനയാത്രക്കൂലിയിനത്തിൽ ഈടാക്കപ്പെടുന്നത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതിയിൽ ആഭ്യന്തര യാത്രക്കാരിൽനിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം, നാടിന്റെ കാര്യങ്ങളിൽ നാട്ടിലുള്ളവരേക്കാൾ കൂടുതൽ താത്പര്യം കാണിക്കുന്നവരാണു പ്രവാസികൾ.
എന്നാൽ, പ്രവാസികളുടെ പണം ഫലപ്രദമായി നാട്ടിൽ നിക്ഷേപിക്കപ്പെടുന്ന സാഹചര്യം പലപ്പോഴുമുണ്ടാകുന്നില്ല. ഇതുമൂലം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്നവർ പലരും പട്ടിണിയിൽ കഴിയേണ്ട സ്ഥിതിയാണ്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ നാട്ടിലെക്കെത്തുന്നവർക്കു ഫലപ്രദമായ പുനരധിവാസ പദ്ധതിയുണ്ടാകണം. ഇതു സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. കേന്ദ്ര സർക്കാരും കാര്യക്ഷമമായി ഇടപെടണം. നിർഭാഗ്യവശാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഇക്കാര്യത്തിലുണ്ടായിട്ടില്ല.
കേരളത്തിലെ വ്യവസായ മേഖലയിൽ മികച്ച ഒരു അന്തരീക്ഷം ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതി എട്ടു മാസംകൊണ്ടുതന്നെ ലക്ഷ്യം നേടിയിരിക്കുന്നു. ചെറുകിട വ്യവസായ മേഖലയിൽ പ്രവാസികൾക്കടക്കം മികച്ച നിക്ഷേപ സാധ്യതയാണ് ഇന്നു സംസ്ഥാനത്തുള്ളത്. പ്രവാസികൾക്ക് ഈ മേഖലയിൽ കൂടുതലായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിൻഫ്ര പാർക്കിൽ നടന്ന ചടങ്ങിൽ ബിനോയ് വിശ്വം എം.പി അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രൻ പ്രസിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ടി. ടൈസൺ മാസ്റ്റർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, നോർക്ക പി.ആർ.ഒ ഡോ. എച്ച്. കൃഷ്ണകുമാർ, എക്‌സ്പാറ്റ് പ്രിന്റ് ഹൗസ് ചെയർമാൻ പി.പി. സുനീർ, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.