ഗവര്‍ണര്‍ ആർ.എസ്.എസ് കേഡറായി പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു. നേരത്തെ അനുവാദം വാങ്ങി വാര്‍ത്ത സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവര്‍ത്തകരേയാണ് ഗവര്‍ണര്‍ പുറത്താക്കിയെന്നത് അത്യന്തം ഗൗരവകരമാണ്.
ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും കൂടിയാണ്. ഭരണഘടനയിലെ 19(ഒന്ന് ) (ഏ) വകുപ്പ് ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയാണ് അത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഗവര്‍ണര്‍ തന്നെ ചവുട്ടിമെതിച്ചത്. സ്റ്റേറ്റ് പൗരനോട് വിവേചനം കാട്ടരുത് എന്ന് വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള രാജ്യത്താണ് ഗവര്‍ണര്‍ തന്നെ അത് ലംഘിക്കാന്‍ തയ്യാറായിട്ടുള്ളത്.
ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താല്‍പര്യമില്ലാത്ത ഗവര്‍ണര്‍ താന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയെന്ന ധര്‍ഷ്‌ട്യമാണ് പ്രകടിപ്പിച്ചത്. ഭരണാധികാരിയുടെ മടിയില്‍ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്ന ഗോദി മീഡിയയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം. അതിന് വഴങ്ങികൊടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.
കേരളത്തേയും, മലയാളികളേയും തുടര്‍ച്ചയായി അപമാനിച്ച് ഫെഡറല്‍ മൂല്യങ്ങളെ അല്‌പം പോലും അംഗീകരിക്കാത്ത നിലയിലുള്ള നടപടികളാണ് ഗവര്‍ണറില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിട്ടുള്ളത്. ആദ്യം മലയാളം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മലയാളം ഭാഷയെയും, സംസ്‌ക്കാരത്തെയും തുടര്‍ച്ചയായി അപമാനിക്കുകയാണ്. പിന്നീട് പാർട്ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആർ.എസ്.എസ് കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധവും എകാധിപത്യപരവുമായ ഈ നടപടികള്‍ക്കെതിരെ പുരോഗമന ജനാധിപത്യ കേരളം പ്രതിഷേധമാണുയര്‍ത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിനെതിരെ മാധ്യമങ്ങളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.