‘കൈതോലപ്പായ’ ആരോപണം: ജി. ശക്തിധരന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ദേശാഭിമാനി മുൻപത്രാധിപ സമിതിയംഗം ജി. ശക്തിധരന്റെ ‘കൈതോലപ്പായ’ ആരോപണത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ബെന്നി ബെഹനാൻ എം.പിയുടെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജി. ശക്തിധരന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കന്റോൺമെന്റ് അസി. കമീഷണർ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. ഹാജരാകുന്ന കാര്യം ശക്തിധരൻ സ്ഥിരീകരിച്ചിട്ടില്ല. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അന്വേഷണം തുടരാനാണ് ധാരണ.
ബെന്നി ബെഹനാൻ മുൻ ഡി.ജി.പിക്ക് നൽകിയ പരാതി എ.ഡി.ജി.പി അജിത് കുമാറിന് കൈമാറിയിരുന്നു. അദ്ദേഹമത് കന്റോൺമെന്റ് എ.സി.പിക്ക് കൈമാറി. സി.പി.എം നേതാക്കൾക്കെതിരായ പരാതികളിൽ അന്വേഷണത്തിന് പൊലീസ് തയാറാകുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമായതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണം നടത്താനുള്ള നിർദേശം.
ബെന്നി ബെഹനാന് പുറമെ കോൺഗ്രസ് നേതാക്കളായ കെ. സുധാകരന്റെയും ടി.യു. രാധാകൃഷ്ണന്റെയും പരാതികളിലും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പ്രതികരിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നെന്നതായിരുന്നു കെ. സുധാകരന്റെ പരാതി. ഇത് പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈ.എസ്.പിക്ക് കൈമാറി.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ചൊവ്വാഴ്ച രാവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.