തിരുവനന്തപുരം കോർപറേഷൻ: സീറ്റ് വിഭജന ചർച്ചയെച്ചൊല്ലി സി.പി.െഎയിൽ കലഹം
text_fieldsതിരുവനന്തപുരം: കോർപറേഷൻ സീറ്റ് വിഭജന ചർച്ചയെ ചൊല്ലി സി.പി.ഐക്കുള്ളിൽ ആഭ്യന്തരകലഹം രൂക്ഷം. സി.പി.എം മത്സരിച്ചുകൊണ്ടിരുന്ന ആറ്റിപ്ര വാർഡ് സി.പി.ഐക്കായി ജില്ല നേതൃത്വം ചോദിച്ച് വാങ്ങാത്തതിൽ പ്രതിഷേധിച്ച് ആറ്റിപ്ര സോണലിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ ആറ്റിപ്ര എൽ.സി തീരുമാനിച്ചു.
ആറ്റിപ്ര ഗ്രാമപഞ്ചായത്ത് ആയപ്പോഴും കോർപറേഷനിൽ ലയിപ്പിക്കപ്പെട്ടതിന് ശേഷവും ആറ്റിപ്രയിൽ സി.പി.ഐയെ സി.പി.എം അവഗണിക്കുന്നതായി പ്രവർത്തകർ ആരോപിച്ചിരുന്നു.
അതിനാൽ ഇത്തവണ ആറ്റിപ്ര സോണലിൽ സി.പി.എം മത്സരിച്ചുകൊണ്ടിരിക്കുന്നതിൽ ഒരു സീറ്റ് സി.പി.ഐക്കായി ചോദിച്ച് വാങ്ങണമെന്ന് സംസ്ഥാന^ ജില്ല ^ മണ്ഡലം നേതൃത്വത്തോട് ആറ്റിപ്ര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യത്തോട് സി.പി.ഐ സംസ്ഥാന, ജില്ല നേതൃത്വം വേണ്ടത്ര താൽപര്യം കാണിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച 18 സീറ്റുകളിൽ 17ലും തുടർന്ന് മത്സരിക്കാനും നാലാഞ്ചിറ ഉപാധികളോടെ പുതിയ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുമായിരുന്നു ഇത്തവണത്തെ എൽ.ഡി.എഫ് സീറ്റ് ചർച്ചയിൽ ജില്ല കമ്മിറ്റി തീരുമാനിച്ചത്. പൗണ്ടുകടവ്, പള്ളിത്തുറ, കുളത്തൂർ, ആറ്റിപ്ര എന്നീ വാർഡുകളാണ് ആറ്റിപ്ര സോണലിന് കീഴിൽ വരുന്നത്.
ഒരു കാലത്ത് സി.പി.എമ്മിെൻറ ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഇവിടെ നിലവിൽ ആറ്റിപ്ര വാർഡിൽ ബി.ജെ.പിയുടെയും പള്ളിത്തുറയിൽ കോൺഗ്രസിെൻറയും കൗൺസിലർമാരാണുള്ളത്. ആറ്റിപ്രയുടെ ചരിത്രത്തിൽ ആദ്യമായാണ് സുനി ചന്ദ്രനിലൂെട കഴിഞ്ഞ തവണ ബി.െജ.പി ആറ്റിപ്രയിൽ വേരൂന്നിയത്.
കോൺഗ്രസിന് വിമത സ്ഥാനാർഥിയുള്ളതിനാലാണ് പൗണ്ടുകടവിൽ ചുരുക്കം ചില വോട്ടുകൾക്ക് സി.പി.എം സ്ഥാനാർഥി മേടയിൽ വിക്രമന് വിജയിക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ സി.പി.ഐയുടെ പിന്മാറ്റം സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം പരാജയപ്പെട്ട ആറ്റിപ്ര സീറ്റാണ് ഇത്തവണ സി.പി.ഐ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സീറ്റിൽ ഇത്തവണയും നല്ലൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ സി.പി.എമ്മിന് സാധിച്ചിട്ടില്ല.
സി.പി.ഐ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥി സി.പി.എമ്മിനും സമ്മതയാണെന്നാണ് വിവരം. എന്നാൽ, സീറ്റ് ചർച്ചയിൽ ആറ്റിപ്രക്കു വേണ്ടി സി.പി.ഐ ജില്ല നേതൃത്വം അവകാശവാദം ഉന്നയിക്കാത്തതോടെ സി.പി.ഐ കണ്ടെത്തിയ സ്ഥാനാർഥിയെ സി.പി.എമ്മിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ഒരുവശത്ത് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.