തോമസ് ചാണ്ടിക്ക് വഴിയൊരുക്കാൻ ചർച്ചിലിൽനിന്ന് കാരണം എഴുതിവാങ്ങി
text_fieldsകൊച്ചി: ഒരു സംസ്ഥാനത്തെ എം.എൽ.എക്ക് മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുക്കാൻ മറ്റൊരു സംസ്ഥാനത്തെ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം എഴുതിവാങ്ങുക. എൻ.സി.പിയാണ് ഇൗ വേറിട്ട വഴി സ്വീകരിച്ചത്. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുക്കാനാണ് ഗോവയിലെ പാർട്ടി എം.എൽ.എ ചർച്ചിൽ അലിമാവോയിൽനിന്ന് ദേശീയ പ്രസിഡൻറ് ശരത് പവാർ കാരണം കാണിക്കൽ നോട്ടീസ് നൽകി മറുപടി എഴുതിവാങ്ങിയത്. ഇൗ മറുപടി സി.പി.എം ജനറൽ സെക്രട്ടറിയെ ബോധ്യപ്പെടുത്തിയതോടെയാണ് തോമസ് ചാണ്ടിക്കുമുന്നിലെ കുരുക്കഴിഞ്ഞത്. എൻ.സി.പി ദേശീയ നേതാക്കളിൽ ഒരാൾ വിശദീകരിച്ചതാണിത്.
ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ മാർച്ച് 26ന് രാജിവെച്ചപ്പോൾതന്നെ, രണ്ടംഗ നിയമസഭ കക്ഷിയിലെ എൻ.സി.പിയുടെ രണ്ടാമത്തെ എം.എൽ.എ തോമസ് ചാണ്ടിക്ക് നറുക്കുവീഴുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, ഗോവയിൽ ബി.ജെ.പി ഭരണത്തിന് വഴിയൊരുക്കുന്നതിൽ എൻ.സി.പിയുടെ ഏക എം.എൽ.എയും പങ്കുവഹിെച്ചന്ന ആരോപണം സി.പി.എം േകന്ദ്രനേതൃത്വത്തിന് തലവേദനയായി.
മന്ത്രിസ്ഥാനം എൻ.സി.പിക്ക് അവകാശപ്പെട്ടതാണെന്നും അവർ നിർേദശിക്കുന്നയാൾക്ക് അത് നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരിെച്ചങ്കിലും ഗോവ പ്രശ്നത്തിൽ കുരുങ്ങി അനിശ്ചിതത്വം തുടർന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന പാർട്ടിക്ക് വീണ്ടും മന്ത്രിസ്ഥാനം നൽകുന്നത് എങ്ങനെ എന്നതായിരുന്നു പ്രശ്നം.
തുടർന്ന് ഗോവയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചിൽ അലിമാവോക്ക് ദേശീയ പ്രസിഡൻറ് കത്ത് നൽകി. മന്ത്രിസഭയുണ്ടാക്കാൻ പിന്തുണ നൽകാമെന്ന് പലപ്രാവശ്യം കോൺഗ്രസിനെ അറിയിച്ചതാണെന്നും അവർ അതിന് നീക്കമൊന്നും നടത്താത്ത സ്ഥിതിക്ക് ബി.ജെ.പി മന്ത്രിസഭയുണ്ടാക്കിയപ്പോൾ വിശ്വാസവോട്ടിൽനിന്ന് വിട്ടുനിൽക്കുകയായിരുെന്നന്നും ബി.ജെ.പിയെ പിന്തുണച്ചിട്ടില്ലെന്നും മറുപടിയിൽ അദ്ദേഹം വിശദീകരിക്കുകയായിരുന്നു.
ഇത് തങ്ങൾക്ക് അറിയാമായിരുെന്നങ്കിലും രേഖാമൂലം മറുപടി വാങ്ങിയത് സി.പി.എം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനായിരുെന്നന്നും എൻ.സി.പി നേതാവ് വിശദീകരിച്ചു. അലിമാവോയുടെ വിശദീകരണക്കത്ത് ദേശീയ നേതാക്കളായ ശരത് പവാർ, പ്രഫുൽ പേട്ടൽ, താരിഖ് അൻവർ എന്നിവർ വിലയിരുത്തിയ ശേഷം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബോധ്യപ്പെടുത്തി. തുടർന്നാണ് കേന്ദ്രനേതൃത്വം സി.പി.എം സംസ്ഥാന ഘടകത്തിന് പച്ചക്കൊടി കാട്ടിയതും തോമസ് ചാണ്ടിക്ക് മന്ത്രിക്കസേരയിലേക്ക് വഴിയൊരുങ്ങിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.