തോമസ് ചാണ്ടിയെന്ന ‘കായൽ രാജാവ്’
text_fieldsആലപ്പുഴ: കുട്ടനാടിനെ സംബന്ധിച്ചിടത്തോളം ‘കായൽ രാജാവ്’ എന്ന പേരിന് ഒരേയൊരു ഉടമസ്ഥനേ ഉണ്ടായിരുന്നുള്ളൂ. കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കുവഹിച്ച കർഷകനും ഭൂവുടമയുമായിരുന്ന മുരിക്കുംമൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കനെന്ന സാക്ഷാൽ മുരിക്കനായിരുന്നു അത്. 1930-40കളില് മുരിക്കന് മൂന്ന് കായലുകൾ നികത്തി ആയിരത്തിലേറെ ഏക്കർ പുതുതായി കൃഷിനിലം ഉയർത്തിയാണ് കായൽ രാജാവാകുന്നത്.
എന്നാൽ, പതിറ്റാണ്ടുകൾക്കപ്പുറം കുട്ടനാട്ടിൽ മറ്റൊരു കായൽ രാജാവ് പിറവിയെടുത്തു. ഒന്നുമില്ലായ്മയിൽനിന്ന് മണലാരണ്യത്തിലെത്തി കഠിനാധ്വാനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത കുവൈത്ത് ചാണ്ടിയെന്ന പ്രവാസി വ്യവസായി പ്രമുഖൻ തോമസ് ചാണ്ടി. അദ്ദേഹം നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിൽ നിർമിച്ച ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ട് കായൽ ഭൂമി കൈയേറിയെന്ന ആരോപണമാണ് വിവാദമായത്.
ഭൂമി നികത്തിയതിൽ നിയമലംഘനം ഉണ്ടായെന്ന കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചു. അന്ന് കായൽ രാജാവ് എന്ന മാധ്യമവിശേഷണത്തിന് അർഹനായ തോമസ് ചാണ്ടിക്ക് മന്ത്രി പദവി കൈയൊഴിയേണ്ടി വന്നു. ഭൂമി സംരക്ഷണനിയമം, നെൽവയൽ തണ്ണീർത്തട നിയമം, ഭൂവിനിയോഗ നിയമം എന്നിവ ലംഘിക്കപ്പെെട്ടന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്.
വിവാദം കത്തിനിൽക്കുേമ്പാൾ തോമസ് ചാണ്ടി പറഞ്ഞു ‘‘എെൻറ ജീവനെടുക്കാൻ നോക്കുന്നവർ എനിക്കായി കെണിവെക്കുന്നു; എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നാശത്തെപ്പറ്റി സംസാരിക്കുന്നു; അവർ ദിവസം മുഴുവൻ അടക്കം പറയുന്നത് വഞ്ചനയാണ്’’ എന്ന് കർത്താവിനോട് സങ്കടപ്പെട്ട ദാവീദിെൻറ ഗതിയാണ് എനിക്ക് വന്നുപെട്ടിരിക്കുന്നത്. 150 കോടി മുടക്കിയിട്ടും കരകയറിക്കിട്ടാത്ത റിസോർട്ടിൽ പത്തഞ്ഞൂറു പേർക്ക് പണികൊടുത്തതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.
യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഗോലിയാത്ത് എന്ന ഭീകരനെ സ്വന്തം കവണയിൽ കവർന്നവനുമായ ദാവീദുമായി അദ്ദേഹം തന്നെ സ്വയം ഉപമിച്ചതിൽ മറ്റൊരു യാദൃച്ഛികതയുണ്ട്. അശരണർക്ക് ആശ്രയമായിത്തീരുകയെന്ന അമ്മ ഏലിയാമ്മയുടെ ഉപദേശത്തിെൻറ പുറത്ത് രൂപം കൊടുത്ത പ്രസ്ഥാനത്തിെൻറ പേര് ദാവീദ്പുത്രൻ ചാരിറ്റബിൾ സൊസൈറ്റിയെന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.