മുൻ മന്ത്രിക്കെതിരായ പ്രസംഗം: തച്ചങ്കരിക്കെതിരെ നടപടി വേണ്ടെന്ന് പിണറായി സർക്കാർ
text_fieldsതിരുവനന്തപുരം: മുൻമന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ രഹസ്യയോഗത്തിൽ മോശമായ പരാമർശങ്ങൾ നടത്തുകയും യു.ഡി.എഫ് സർക്കാറിനെ അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ കോസ്റ്റൽ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നടപടി വേണ്ടെന്ന് പിണറായി സർക്കാർ തീരുമാനിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിൽ തച്ചങ്കരിയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതവഗണിച്ച് തച്ചങ്കരിക്ക് ക്ലീൻചിറ്റ് നൽകാനാണ് സർക്കാർ തീരുമാനം.
2015 സെപ്റ്റംബർ എട്ടിനാണ് കൺസ്യൂമർഫെഡ് എം.ഡിയായിരുന്ന തച്ചങ്കരി കൺസ്യൂമർഫെഡ് തിരുവനന്തപുരം മേഖലാ ജീവനക്കാരുടെ രഹസ്യയോഗം അധ്യാപക ഭവനിൽ വിളിച്ചത്. ഇതിൽ മന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചു. ഇതു വാർത്തയായതോടെ സി.എൻ. ബാലകൃഷ്ണൻ ഉമ്മൻ ചാണ്ടിക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് ട്രെയിനിങ് വിഭാഗം എ.ഡി.ജി.പി നടത്തിയ വകുപ്പുതല അന്വേഷണത്തിൽ തച്ചങ്കരിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി.
സർക്കാറിനെതിരെ രഹസ്യയോഗം വിളിക്കുകയും രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്ത തച്ചങ്കരി ഒാൾ ഇന്ത്യ സർവിസ് കണ്ടക്ട് റൂൾ 3(1) ഉം റൂൾ ഏഴും ലംഘിച്ചെന്നും കണ്ടെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നായിരുന്നു തച്ചങ്കരിയുടെ വാദം. ഇതംഗീകരിച്ച സർക്കാർ അന്വേഷണ ഉദ്യോഗസ്ഥെൻറ കണ്ടെത്തലുകൾ തള്ളുകയായിരുന്നു. തച്ചങ്കരിക്കെതിരെ നടപടി വേണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതപുലർത്തണമെന്ന് നിർദേശിക്കാനും മുൻചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് റിപ്പോർട്ട് എഴുതുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.