വിശ്വാസവോട്ടിന് പണം: കേന്ദ്ര അന്വേഷണത്തിന് ഡി.എം.കെ ഹൈകോടതിയിൽ
text_fieldsചെന്നൈ: എടപ്പാടി കെ. പളനിസാമി സർക്കാർ വിശ്വാസവോട്ട് നേടാൻ അണ്ണാ ഡി.എം.കെ എം.എൽ.എമാർക്ക് കോടികൾ നൽകിയെന്ന ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈകോടതിയെ സമീപിച്ചു.
ഹരജി വെള്ളിയാഴ്ച പരിഗണിക്കും. മുൻരാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ ആർ. ഷൺമുഖസുന്ദരം നൽകിയ ഹരജിയിൽ സി.ബി.െഎയോ റവന്യു ഇൻറലിജൻസോ സമാന കേന്ദ്ര അന്വേഷണ ഏജൻസികളോ അന്വേഷിക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി ജസ്റ്റിസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഫെബ്രുവരി 18ന് നടന്ന വിശ്വാസ വോട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഷൺമുഖസുന്ദരം നൽകിയ പൊതുതാൽപര്യ ഹരജിയിൽ മദ്രാസ് ഹൈകോടതിയിൽ വാദം നടക്കുന്നുണ്ട്. ശശികലയുടെ നേതൃത്വത്തിൽ 130 എം.എൽ.എമാരെ കൂവത്തൂർ റിസോർട്ടിൽ തടഞ്ഞുവെച്ചും കുതിരക്കച്ചവടത്തിലൂടെയുമാണ് പളനിസാമി വിശ്വാസവോട്ടിൽ ജയിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ ആരോപണങ്ങൾ എം.എൽ.എമാർ സമ്മതിച്ചതായി ഷൺമുഖ സുന്ദരം കോടതിയെ അറിയിച്ചു. വിശ്വാസവോെട്ടടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനായ ട്രാഫിക് രാമസ്വാമി ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപര്യ ഹരജികളും പരിഗണനയിലാണ്.
രണ്ടുമുതൽ പത്ത് കോടി രൂപയും സ്വർണവും നൽകിയതായി അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങളിലും പെട്ട മൂന്ന് എം.എൽ.എമാരുടെ വെളിെപടുത്തൽ ടൈംസ് നൗ- മൂൺ ടി.വി ചാനലുകളുടെ സംയുക്ത രഹസ്യ കാമറ ഒാപറേഷനിലൂടെയാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.