തകർന്ന റോഡില്‍ തട്ടിത്തടഞ്ഞ് യു.ഡി.എഫ്; മദ്യനയത്തില്‍ നാവുകുഴഞ്ഞ് എല്‍.ഡി.എഫ്
text_fieldsവേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് നീങ്ങുമ്പോൾ വിജയ പ്രതീക്ഷയുള്ള യു.ഡി.എഫിന് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ തലവേദനയാകുന്നു. കുടിവെള്ള പദ്ധതികള്‍ക്കായി കീറിമുറിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്ത ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതുനിരത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമർശനമുയരുന്നത്.
പ്രശ്നം രൂക്ഷമായതോടെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പെങ്കടുത്തവർ അദ്ദേഹത്തോട് പരാതി പറഞ്ഞതായാണ് വിവരം. കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വെട്ടിക്കീറിയ റോഡുകള്‍ പൂർവസ്ഥിതിയിലാക്കാനും ബന്ധപ്പെട്ടവര്‍ താൽപര്യമെടുത്തില്ലെന്നാണ് പരാതി. വേങ്ങര, ഊരകം, പറപ്പൂര് പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന മള്‍ട്ടി ജി.പി ജലനിധി പദ്ധതിക്ക് വേണ്ടിയാണ് മൂന്ന് പഞ്ചായത്തുകളിലും റോഡുകള്‍ തലങ്ങും വിലങ്ങും വെട്ടിക്കീറിയത്. ഇതില്‍തന്നെ വേങ്ങര പഞ്ചായത്തിലെ ഗ്രാമീണ റോഡുകളാണ് കൂടുതലും നാശമായത്.
വളവും തിരിവും ഒഴിവാക്കാൻ റോഡിന് നടുവേ കീറിയ കിടങ്ങുകള്‍ കാരണം ഗതാഗതം താറുമാറായി. മഴക്കാലത്താണ് ദുരിതം പൊതുജനം അനുഭവിക്കേണ്ടി വന്നത്. ഇൗ പ്രദേശങ്ങളിലുള്ളവരാണ് യു.ഡി.എഫ് പ്രചാരണ രംഗത്തുള്ളവരോട് പ്രതിഷേധം അറിയിക്കുന്നത്. അതേസമയം, സര്‍ക്കാറിെൻറ മദ്യനയത്തിനെതിരായ പ്രതിഷേധമാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്ത് നേരിടുന്ന വെല്ലുവിളി. മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതിന് വിദ്യാലയങ്ങളില്‍നിന്നുള്ള ദൂരപരിധി കുറച്ചത് തെല്ലൊന്നുമല്ല രക്ഷിതാക്കളെ ആകുലരാക്കുന്നത്.
അതിനാൽ സ്ഥാനാർഥിയും പ്രവര്‍ത്തകരും വോട്ടര്‍മാരുടെ ഈ വക ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. മണ്ഡലത്തില്‍ വേരുകളില്ലാത്ത ബി.ജെ.പിയാവട്ടെ യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും സാമുദായിക ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രചാരണത്തിെൻറ കാര്യത്തിൽ അവർ ഒട്ടും പിറകിലല്ല. സാമുദായിക പ്രശ്നങ്ങളില്‍ എൽ.ഡി.എഫും യു.ഡി.എഫും പിന്നാക്ക വിഭാഗങ്ങളുടെ എതിര്ചേരിയിലാണുള്ളതെന്ന് മത്സരരംഗത്തുള്ള എസ്.ഡി.പി.ഐയും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.