മാണിക്ക് പിന്നാലെ വീരേന്ദ്രകുമാറും; യു.ഡി.എഫിന് വീണ്ടും ആഘാതം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുവര്ഷമാകുംമുമ്പ് രണ്ടു പാർട്ടികൾ വിട്ടുപോകുന്നത് യു.ഡി.എഫ് മുന്നണിക്ക് കനത്ത ആഘാതമാകും. ഒന്നര വർഷത്തിനകം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം ലക്ഷ്യംവെച്ച് ഒരുക്കം തുടങ്ങുന്നതിനിടെയാണ് ഇൗ കൊഴിഞ്ഞുപോക്ക്. വീരേന്ദ്രകുമാറും കൂട്ടരും മുന്നണി വിട്ടുപോയാലും അവർക്കിടയിൽനിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത് കൂെട നിർത്താമെന്ന കോൺഗ്രസിെൻറ പ്രതീക്ഷപോലും അസ്ഥാനത്തായത് നേതൃത്വത്തിെൻറ തന്ത്രങ്ങൾ പാളിയതിനും തെളിവായി. ഒരു ദശകത്തോളം നീണ്ട സഹവാസത്തിനുശേഷമാണ് വീരേന്ദ്രകുമാറും കൂട്ടരും യു.ഡി.എഫ് വിട്ട് പഴയ ചേരിയായ ഇടതുമുന്നണിയിലേക്ക് മടങ്ങുന്നത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് ഇടതുമുന്നണിയുമായുള്ള വീരേന്ദ്രകുമാറിെൻറ ദശാബ്ദങ്ങൾ നീണ്ട ബന്ധത്തിന് മാറ്റം ഉണ്ടാക്കിയത്.
ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് ക്രമേണ യു.ഡി.എഫുമായി സഹകരിക്കുകയും തുടർന്ന്, എസ്.ജെ.ഡി എന്ന പാര്‍ട്ടിയുണ്ടാക്കി മുന്നണിയിൽ അംഗമാവുകയുമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് നേതൃത്വം സീറ്റ് വാഗ്ദാനം ചെയ്െതങ്കിലും സ്വീകരിക്കാൻ അവർ തയാറായില്ല. എന്നാൽ, 2011ൽ നിയമസഭ തെെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം മുതല്‍ യു.ഡി.എഫുമായി അവർ ഇടഞ്ഞുതുടങ്ങി. ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് മുന്നണി നേതൃത്വം അന്ന് അവെര മെരുക്കി ഒപ്പം നിർത്തിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റിനായി എസ്.ജെ.ഡി അവകാശവാദം ഉന്നയിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. കോണ്‍ഗ്രസിെൻറ സിറ്റിങ് സീറ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ ആവശ്യം കോൺഗ്രസ് നിരസിച്ചത്.
എന്നാൽ, അക്കാലത്ത് അപ്രതീക്ഷിതമായി ഇടതുമുന്നണി വിട്ടുവന്ന ആർ.എസ്.പിക്ക് കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ കൊല്ലം വിട്ടുകൊടുക്കുകയും ചെയ്തു. ആഗ്രഹിച്ച വടകരക്ക് പകരം പാലക്കാട് സീറ്റ് മനസ്സില്ലാമനേസ്സാടെ സ്വീകരിച്ചെങ്കിലും സിറ്റിങ് സീറ്റ് വാദം ആര്.എസ്.പിയുടെ കാര്യത്തിൽ ബാധകമാകാത്തത് യു.ഡി.എഫുമായുള്ള വീരേന്ദ്രകുമാറിെൻറ ബന്ധത്തിൽ അസ്വസ്ഥത വളർത്തി. പാലക്കാട് സീറ്റിൽ വീരേന്ദ്രകുമാറിനുണ്ടായ നാണംകെട്ട തോല്‍വിയും അതിനെക്കുറിച്ച് അന്വേഷിച്ച യു.ഡി.എഫ് കമീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിഗണിക്കാത്തതും കൂടിയായതോടെ അകൽച്ച പൂർണമായി.അന്വേഷണ സമിതി റിപ്പോർട്ടിന്മേൽ സമയബന്ധിതമായി തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം പലവട്ടം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടുമില്ല.
അതിനിടയിലാണ് ദേശീയതലത്തില്‍ ജെ.ഡി.യുവുമായി എസ്.ജെ.ഡി ലയിച്ച് ഒറ്റ പാര്‍ട്ടിയായത്. വീരേന്ദ്രകുമാറിനെയും കൂട്ടരെയും ഒപ്പം നിർത്തുകയും പ്രതിഷേധം ശമിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യസഭ സീറ്റ് കോൺഗ്രസ് നല്‍കിയെങ്കിലും അവർ പൂർണ തൃപ്തരായിരുന്നില്ല. യു.ഡി.എഫ് സംഘടനാ സംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ഇല്ലെന്നായിരുന്നു പരാതി.
ജെ.ഡി.യു ദേശീയ അധ്യക്ഷനായിരുന്ന നിതീഷ്കുമാര്‍ ബി.ജെ.പി പാളയത്തിലേക്ക് നീങ്ങിയതോടെയാണ് വീണ്ടും മുന്നണിമാറ്റ ചർച്ചകൾ സജീവമായത്. അതിന് മുന്നോടിയായി യു.ഡി.എഫ് നല്കിയ രാജ്യസഭ എം.പി സ്ഥാനം ആഴ്ചകൾക്കു മുമ്പ് വീരേന്ദ്രകുമാര്‍ രാജിെവച്ചു. സി.പി.എം നേതാക്കളുമായി നടത്തിയ അനൗപചാരിക ചർച്ചകൾക്കുശേഷം വർഷങ്ങൾ നീണ്ട യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ഇടതുമുന്നണിയിലേക്ക് മടങ്ങാനും ഇപ്പോൾ ധാരണയായി. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കാൻ സാധിച്ചത് പാർട്ടിക്ക് രാഷ്ട്രീയനേട്ടവുമായി.
യു.ഡി.എഫിന് ചില തദ്ദേശ
സ്ഥാപനങ്ങളിലെ ഭരണം നഷ്ടമാവും
വടകര: ജെ.ഡി.യു, മുന്നണി വിടുന്നതോടെ യു.ഡി.എഫിന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഭരണം നഷ്ടമാകുമെന്നുറപ്പായി. നിലവിൽ ജെ.ഡി.യു പിന്തുണയുടെ ബലത്തിൽ ഭരണം നിലനിർത്തുന്ന സ്ഥലങ്ങളിൽ ഇടതുമുന്നണിയുമായി അധികാരം പങ്കിടുന്നതു സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പ്രതീക്ഷിച്ച വിയോജിപ്പുകളൊന്നുമില്ലാതെ ഇടതിെൻറ ഭാഗമാകാൻ കഴിഞ്ഞ സംതൃപ്തിയിലാണ് എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം.
യു.ഡി.എഫിെൻറ ഭാഗമായി തുടരുമെന്ന് പ്രതീക്ഷിച്ച കെ.പി. മോഹനെൻറയും മനയത്ത് ചന്ദ്രെൻറയും നേതൃത്വത്തിലുള്ള വിഭാഗവും ഒടുവിൽ വിയോജിക്കാൻ നിന്നില്ല. ഇതിനായി സി.പി.എം നേതാക്കളുമായി സീറ്റ് സംബന്ധിച്ച ചില ചർച്ചകൾ നടന്നതായാണ് അറിയുന്നത്. മലബാറിൽ സോഷ്യലിസ്റ്റുകൾക്ക് വേരോട്ടമുള്ള വടകര പാർലമെൻറ് സീറ്റ് കെ.പി. മോഹനനും കോഴിക്കോട് എം.വി. ശ്രേയാംസ്കുമാറിനും നൽകുമെന്ന ധാരണയിലെത്തിയതായി അറിയുന്നു. എന്നാൽ, ഇരുകക്ഷികളുമായി ബന്ധപ്പെട്ടവർ ഇത്തരം ചർച്ചകളൊന്നും നടന്നില്ലെന്നാണ് പറയുന്നത്. ജെ.ഡി.യുവിെൻറ അനുയായികളിൽ വലിയൊരു വിഭാഗം പുതിയമാറ്റം ഉൾക്കൊള്ളാത്തവരാണ്. ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് പരസ്യപ്രഖ്യാപനത്തിലെത്തുന്നതിനുമുമ്പ് കീഴ്ഘടകങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പെടെയുള്ള ചില പ്രാദേശിക നേതാക്കൾ യു.ഡി.എഫിെൻറ ഭാഗമായി നേടിയ പദവിയെന്ന നിലയിൽ ഇക്കാലയളവിൽ മാറിനിൽക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇത്തരക്കാരെ മാറ്റിയെടുക്കുകയെന്നത് ജെ.ഡി.യു നേതൃത്വത്തിന് വെല്ലുവിളിയാവും. ജനതാദൾ-എസിെൻറ ഭാഗമായിനിന്ന അഡ്വ. എം.കെ. പ്രേംനാഥിെൻറ നേതൃത്വത്തിലുള്ളവർ, ജെ.ഡി.യുവിലേക്ക് തിരിച്ചെത്താൻ സാധ്യതയേറെയാണ്. നിലവിൽ ജനതാദൾ-എസിൽ പ്രേംനാഥിെൻറ നേതൃത്വത്തിലുള്ളവർ നേതൃത്വം പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കടുത്ത അമർഷത്തിലാണുള്ളത്. ഇതേസമയം, നേരത്തെ ഒറ്റക്കെട്ടായി നിന്നവർ വേറിട്ടുനിൽക്കുന്നതിനുപകരം സോഷ്യലിസ്റ്റുകളെന്ന നിലയിൽ ഒന്നിക്കണമെന്ന് പറയുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.