സമരപാതയിലടക്കം ഐക്യവഴി; പ്രവർത്തനം ശക്തിപ്പെടുത്താൻ യു.ഡി.വൈ.എഫ്
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രചാരണ-സമരവഴികളിൽ യു.ഡി.എഫിലെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് യോജിച്ച് നീങ്ങും. തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം പ്രവർത്തിച്ചിരുന്ന സ്ഥിതിയിൽനിന്ന് മാറി എല്ലായിപ്പോഴും പ്രവർത്തിക്കുന്ന സംഘടനാസംവിധാനമായി യു.ഡി.വൈ.എഫിനെ മാറ്റാൻ വ്യാഴാഴ്ച ചേർന്ന നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചെയർമാനും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജനറൽ കൺവീനറുമായി സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകി. മറ്റു യുവജന സംഘടനകളുടെ ഭാരവാഹികൾ ജോ. കൺവീനർമാരാണ്.
യു.ഡി.എഫ് മാതൃകയിൽ ജില്ലതലത്തിലടക്കം കമ്മിറ്റികൾ രൂപവത്കരിക്കാനും നടപടി തുടങ്ങി. ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് രാജ്ഭവനിലേക്ക് യു.ഡി.വൈ.എഫ് മാർച്ച് നടത്തും. ജനുവരി 10ന് തലസ്ഥാനത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിനുശേഷം മാർച്ചിന്റെ തീയതി നിശ്ചയിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ്, ടി.പി. അഷറഫലി, നസീർ കാര്യറ, അബിൻ വർക്കി, വിഷ്ണു സുനിൽ, അനു താജ്, അജിത് മുതിരമല, വിഷ്ണു മോഹൻ, സുധീഷ് കടന്നപ്പള്ളി, സാജൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.