കോടതിമുറിയിൽ 'ഐക്യ' കേരള കോൺഗ്രസ്
text_fieldsകോട്ടയം: കോടതിമുറിയിൽ വീണ്ടും 'ഒന്നായി' കേരള കോൺഗ്രസ്. ഐക്യകേരള കോൺഗ്രസായിരുന്നപ്പോൾ കോട്ടയത്ത് നടത്തിയ ട്രെയിൻ തടയൽ സമരത്തിെൻറ ഭാഗമായെടുത്ത കേസിൽ വിധി കേൾക്കാനെത്തിയപ്പോഴായിരുന്നു 'ഐക്യം'. പിളർപ്പിനുമുമ്പ് നടന്ന സമരമായിരുന്നതിനാൽ ജോസ്-ജോസഫ് വേർതിരിവില്ലാതെ മുതിർന്ന നേതാക്കളെല്ലാം കേസിൽ പ്രതികളായിരുന്നു.
ഇപ്പോൾ ജോസ്, ജോസഫ് വിഭാഗങ്ങളായി പിരിഞ്ഞെങ്കിലും പ്രതികളെന്ന നിലയിൽ ഒരുമിച്ചായിരുന്നു കോടതിയിൽ കയറിയതും വിധി കേട്ടതും. തിരിച്ചിറങ്ങിയപ്പോഴും ഒറ്റസംഘമായിരുന്നു. കേരള കോൺഗ്രസ്-എം നേതാക്കളെന്ന പേരിലായിരുന്നു കേസെടുത്തിരുന്നതും.
കേരള കോൺഗ്രസ്-എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, മുൻ എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, നേതാക്കളായ ജോബ് മൈക്കിൾ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മജു പുളിക്കൻ അടക്കം 13 പേരാണ് കോടതിയിൽ എത്തിയത്.
ജോസ് വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശന പ്രഖ്യാപനത്തിനുശേഷം ആദ്യമായിട്ടായിരുന്നു ജോസ്-ജോസഫ് വിഭാഗങ്ങളിലെ പ്രധാനനേതാക്കൾ മുഖാമുഖം എത്തിയത്. വാക്കുകൾ െകാണ്ട് കഴിഞ്ഞ ദിവസങ്ങളിൽ 'ആക്രമിച്ചവർ' ബുധനാഴ്ച ഇതിെൻറ പരിഭവം ഒന്നുമില്ലാതെയാണ് കോടതിയിലും പുറത്തുമായി സമയം ചെലവിട്ടത്. കേസിൽ എല്ലാവർക്കും കോട്ടയം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിഴ ചുമത്തി. 1750 രൂപ വീതമായിരുന്നു പിഴശിക്ഷ. ഇവരെല്ലാം പിഴ അടച്ചതോടെ കേസും അവസാനിച്ചു.
2017 ജൂൺ 23നായിരുന്നു കേന്ദ്രസർക്കാറിെൻറ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കേരള കോണ്ഗ്രസ്-എം പ്രവർത്തകർ ട്രെയിൻ തടയൽ സമരം നടത്തിയത്. സമരം ഉദ്ഘാടനം ചെയ്ത കെ.എം. മാണിയായിരുന്നു േകസിൽ ഒന്നാംപ്രതി. അദ്ദേഹം മരിച്ചതിനാൽ അവശേഷിച്ച 13 പേരാണ് കോടതിയിൽ ഹാജരായത്. പ്രതികളെല്ലാം ബുധനാഴ്ച നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ജോസ് കെ. മാണി അടക്കമുള്ളവർ സമരത്തിനുണ്ടായിരുന്നെങ്കിലും എം.പിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.