ഉഴവൂർ വിജയെൻറ മരണത്തെച്ചൊല്ലി എൻ.സി.പിയിൽ വിവാദം
text_fieldsകോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തെച്ചൊല്ലി പാർട്ടിയിൽ വിവാദം. അവസാനകാലങ്ങളിൽ പാർട്ടിയിലെ ചില നേതാക്കൾ അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ സംസ്ഥാന കമ്മിറ്റി അംവും ഉഴവൂർ വിജയെൻറ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളം രംഗത്തെത്തി. എന്നാൽ, സതീഷ് കല്ലക്കുളത്തിനെ തള്ളിയ മന്ത്രി തോമസ് ചാണ്ടി, ഇത്തരത്തിലുള്ള വിഷയമൊന്നും പാർട്ടിയിലില്ലെന്ന് വ്യക്തമാക്കി.
എൻ.സി.പിയിലെ പ്രശ്നങ്ങളിൽ മനംനൊന്ത് പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി സതീഷ് കല്ലക്കുളം പറഞ്ഞു. നേതാക്കളിൽ ചിലർ ഉഴവൂർ വിജയനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. കോർപറേഷൻ ചെയർമാൻകൂടിയായ മുതിർന്ന നേതാവ് ഫോണിൽ വിളിച്ച് സംസാരിച്ചതിന് ശേഷം അദ്ദേഹം കുഴഞ്ഞുപോയി. തുടർന്ന് താൻ ആശുപത്രിയിൽ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു. മരണത്തിന് ഒരുമാസം മുമ്പായിരുന്നു ഇത്.
ഉഴവൂർ വിജയനെ എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കാനായിരുന്നു നേതാക്കളിൽ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളിൽ അദ്ദേഹം തളർന്നു. കുടുംബത്തെ ചേർത്ത് ഉന്നയിച്ച ദുരാരോപണങ്ങൾ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു. വൈകാതെ ആശുപത്രിയിൽ എത്തിച്ചു. മുമ്പുണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇേത തുടര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനു പിന്നാലെയാണ് ആരോപണം ഉന്നയിച്ച സതീഷ് കല്ലക്കുളത്തെ തള്ളുന്ന നിലപാടുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തിയത്. അദ്ദേഹത്തിെൻറ പ്രസ്താവന പാർട്ടിക്ക് അപകീർത്തിയുണ്ടാക്കിയെന്നും ഇതിൽ നടപടിയുണ്ടാകുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. ഉഴവൂർ വിജയനെ സമ്മർദത്തിലാക്കേണ്ട പ്രശ്നങ്ങളൊന്നും പാർട്ടിയിലില്ല. ആരോപണം ഉയർന്ന വ്യക്തി അങ്ങനെ സംസാരിക്കുന്ന ആളുമല്ല. പറയുന്നതുപോലെ വല്ലതും ഉണ്ടോയെന്ന് അന്വേഷിക്കമെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി പ്രതിനിധിയായിയിരുന്ന എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. പകരം മന്ത്രിയായി തോമസ് ചാണ്ടിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേതൃനിരയെ രണ്ട് ചേരിയിലാക്കി. ഇതോടെ ഉഴവൂർ വിജയനും തോമസ് ചാണ്ടിയും അകന്നു. തുടർന്ന് ഉഴവൂർ വിജയനെതിരെ തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.