കാണാമറയത്ത് ഇരുന്ന് പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം : കാണാമറയത്ത് ഇരുന്ന് പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശവാണിയായി കാണാമറയത്ത് ഇരുന്നാണ് മുഖ്യമന്ത്രി ഇപ്പോഴും സംസാരിക്കുന്നത്. അങ്ങോട്ട് ചോദ്യം ചോദിക്കാന്‍ പറ്റില്ല. പുകമറ, യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു തുടങ്ങിയ ക്ലീഷേ വാചകങ്ങള്‍ അല്ലാതെ പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചേദ്യങ്ങളില്‍ ഒന്നിന് പോലും മറുപടിയില്ല.
മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. പുകമറയെന്നത് ആരോപണവിധേയര്‍ സ്ഥിരമായി പറയുന്നതാണ്. അങ്ങനെ പ്രതിപക്ഷം പുകമറയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റി നിരപരാധിത്വം തെളിയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കൃത്യമായ തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണമാണിത്. എല്ലാ നിയമവും ലംഘിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും 100 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഇടപാടാണിത്.
പുകമറയെന്ന് പറയുന്നത് തന്നെ ഒരു പുകമറ സൃഷ്ടിക്കലാണ്. പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം. മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോള്‍ നടത്തുന്നത് ഒളിച്ചോട്ടമാണ്. സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തത് ഉള്‍പ്പെടെയുള്ള രേഖകളാണ് പ്രതിപക്ഷം പുറത്ത് വിട്ടത്. പിന്നീട് സര്‍ക്കാരിന് തന്നെ അത് വെബ് സൈറ്റില്‍ ഇടേണ്ടി വന്നു. അഴിമതി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തു വിട്ടത്. എന്നിട്ടും മറുപടിയില്ല.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നന്നായി പോകണം. പക്ഷെ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നില്‍ നിര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള നടത്താന്‍ അവസരമൊരുക്കുന്നത് ശരിയല്ല. 40 കോടിയില്‍ താഴെ തീരേണ്ട പദ്ധതിയാണ് 151 കോടിക്ക് ടെന്‍ഡര്‍ ചെയ്തത്. ഇത് കൂടാതെ മെയിന്റനന്‍സിന്റെ പേരില്‍ 66 കോടി മാറ്റിവച്ചിട്ടുണ്ട്. അത് ചെലവാക്കാനിരിക്കുന്നതേയുള്ളൂ. ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് കമ്പനികളെയും അയോഗ്യരാക്കണം.
ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. തൊട്ടാല്‍ കൈ പൊള്ളുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ പീടികയില്‍ പോയി ചോദിക്കണമെന്ന് പറഞ്ഞ എ.കെ ബാലനോ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാത്തത്.
പ്രെപ്പോസലിന്റെ ഒരു ഭാഗം മാത്രമാണ് ഇന്നലെ ഉന്നയിച്ചതെന്ന ആരോപണമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയട്ടേ. 151 കോടിയില്‍ ഉള്‍പ്പെട്ട എല്ലാ ചെലവുകളെക്കുറിച്ചുമാണ് ഇന്നലെ പറഞ്ഞത്. ടെന്‍ഡര്‍ കിട്ടിയ എസ്.ആര്‍.ഐ.ടി ഒമ്പത് കോടി രൂപ വാങ്ങി മാറി നില്‍ക്കുകയാണ്. കണ്‍സോര്‍ഷ്യത്തിലെ മറ്റ് രണ്ട് കമ്പനികള്‍ ചേര്‍ന്നാണ് മറ്റ് കളികളെല്ലാം കളിക്കുന്നത്.
കേരളത്തിലെ പ്രധാന റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിഴയീടാക്കുന്നത് ശരിയല്ല. ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. അത്തരം സംവിധാനങ്ങള്‍ കേരളത്തിലും നടപ്പാക്കാണം. പക്ഷെ റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കിയ ശേഷമെ നിയമം ലംഘിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കാവൂ.
ഇതൊന്നും ചെയ്യാതെ ആയിരം കോടി രൂപ ജനങ്ങളില്‍ നിന്നും പോക്കറ്റടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരക്കാരുടെ പോക്കറ്റില്‍ നിന്നാണ് അഴിമതിക്ക് വേണ്ടിയുള്ള പണം ഈടാക്കുന്നത്. ജനങ്ങളുടെ പോക്കറ്റടിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. റോഡ് നന്നാക്കാതെ ജനങ്ങളെ പോക്കറ്റടിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയത് അംഗീകരിക്കാനാകില്ല.
എസ്റ്റിമേറ്റ് ഘട്ടം മുതലുള്ള അഴിമതി സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും മറുപടി പറയാന്‍ കഴിവില്ലാത്ത ആന്റണി രാജു എന്തിനാണ് ഗതാഗത വകുപ്പ് തലയില്‍ വച്ച് നടക്കുന്നത്. കൈ പൊള്ളുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇതേക്കുറിച്ച് മന്ത്രി ഒന്നും പറയാത്തത്. പ്രതിപക്ഷം കൊണ്ടുവന്ന ഏതെങ്കിലും ഒരു രേഖയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ആരെങ്കിലുമുണ്ടോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന സ്പ്രിങ്ക്‌ളറും അഴക്കടല്‍ മത്സ്യബന്ധനവും ബ്രൂവറിയുമൊക്കെ എവിടെ പോയി? കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ പദ്ധതികളൊക്കെ വഴിയിലിട്ടിട്ട് ഓടിയെന്ന് ആന്റണി രാജുവിന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു കൊടുക്കണം.
സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 100 ദിവസം ജയിലിലായിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും ജയിലിലാണ്. അഴിമതി ക്യാമറയുടെയും കെ ഫോണിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കരനെ പോലുള്ള ഒരാളെ വച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി ഇതാണ് ചെയ്തുകൊണ്ടിരുന്നത്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്ന സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.