ഏത് സി.പി.എം നേതാവാണ് ആര്‍.എസ്.എസുമായി ഏറ്റുമുട്ടുന്നത്? മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി പറയുന്നത് പച്ചക്കള്ളമെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നട്ടാല്‍ കുരുക്കാത്ത നുണയാണ് പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.എ.എ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റിനൊപ്പം വിരുന്ന് കഴിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ലമെന്റില്‍ അതിശക്തമായാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സി.എ.എ ബില്ലിനെ എതിര്‍ത്തത്.
ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യവുമാണ്. ബില്‍ അവതരിപ്പിച്ചപ്പോള്‍ ശശി തരൂര്‍ എം.പിയാണ് നിയമപരമായ തടസവാദങ്ങള്‍ ഉന്നയിച്ചതും ചര്‍ച്ച നയിച്ചതും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ശശി തരൂരിന്റെ പ്രസംഗം ചെയറില്‍ ഉണ്ടായിരുന്ന മീനാക്ഷി ലേഖി തടസപ്പെടുത്തുകയും ചെയ്തു. കപില്‍ സിബലും വിശദമായി പ്രസംഗിച്ചു. ശശി തരൂരും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങളുടെ ലിങ്ക് മുഖ്യമന്ത്രിക്ക് അയച്ചു തരാം. അത് കണ്ടിട്ടെങ്കിലും പ്രസ്താവന പിന്‍വലിക്കണം.
കോണ്‍ഗ്രസ് എം.പിമാരല്ലാതെ സി.പി.എം എം.പിമാരാണോ എതിര്‍ത്തത്? രാഹുല്‍ ഗാന്ധി എതിര്‍ത്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സി.എ.എയ്‌ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ നിലപാട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും രാഹുല്‍ ഗാന്ധി സി.എ.എയെ കുറിച്ച് സംസാരിച്ചില്ലെന്ന് പിണറായി വിജയനല്ലാതെ ആരും പറയില്ല. 12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ സംഘപരിവാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് സി.പി.എം നേതാവാണ് ആര്‍.എസ്.എസുമായി ഏറ്റുമുട്ടുന്നത്? എന്നിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയന്‍ കള്ളം പ്രചരിപ്പിക്കുന്നത്.
സി.എ.എ ചട്ടം വന്നയുടന്‍ എ.ഐ.സി.സിയുടെ മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞതെല്ലാം എല്ലാ മാധ്യമങ്ങളിലും വന്നതാണ്. മുഖ്യമന്ത്രി ഇതൊന്നും വായിച്ചില്ലേ? മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എന്താണ് പറ്റിയത്? സി.എ.എ പ്രക്ഷോഭത്തിനെതിരായ കേസുകളൊക്കെ ഇല്ലാതായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2019 ല്‍ 835 കേസുകളാണ് എടുത്തത്. ഇതില്‍ 63 കേസുകള്‍ പിന്‍വലിക്കാന്‍ എന്‍.ഒ.സി നല്‍കിയിട്ടുണ്ടെന്നാണ് അഞ്ച് മാസം മുന്‍പ് എ.പി. അനില്‍കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.
573 കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചെന്ന് എല്‍.ഡി.എഫ് അംഗത്തിനും മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് കേസുകള്‍ ഇല്ലാതായെന്ന് പറയുന്നത്. പലരും ലക്ഷക്കണക്കിന് രൂപയാണ് ഫൈന്‍ അടച്ചത്. ആക്രമണ സ്വഭാവമുള്ളത് ഒഴികെ 733 കേസുകളും പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് 63 കേസുകള്‍ മാത്രം പിന്‍വലിച്ച് ബി.ജെ.പിക്ക് കൂട്ടുനിന്ന ആളാണ് പിണറായി വിജയന്‍. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കേസ് പിന്‍വലിക്കാതിരിക്കുന്നതും രാഹുല്‍ ഗാന്ധിക്കെതിരെ പറയുന്നതും. സി.പി.എമ്മിന് കിട്ടിയ ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന് ഉറപ്പായതിനാലാണ് പിണറായി വിജയന്‍ കെ.സി വേണുഗോപാലിനെ വിമര്‍ശിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല.
മോദി ഭരണകൂടത്തിനെതിരെയാണ് രാഹുല്‍ ഗാന്ധി ജാഥ നടത്തുന്നത്. അങ്ങനെയുള്ള രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വിരോധം പഠിപ്പിക്കാനാണ് സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്തിയ പിണറായി വിജയന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാന്‍ ആളെ വിട്ടതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. ബി.ജെ.പി നേതാക്കളെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും തലയൂരാനാണ് പിണറായി വിജയന്‍ കോണ്‍ഗ്രസ് വിരുദ്ധത പറയുന്നത്.
നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എസ്.എഫ്.ഐയുടെ അതിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? സിദ്ധാര്‍ഥിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. കേരള സര്‍വകലാശാല കലോത്സവത്തില്‍ നൃത്താധ്യാപകനെ മുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചു. എന്ത് അക്രമവും കാണിക്കാന്‍ ക്രിമിനല്‍ സംഘങ്ങളെ അഴിച്ചുവിട്ട് മുഖ്യമന്ത്രി അവര്‍ക്ക് തണലൊരുക്കിക്കൊടുക്കുകയാണ്. ഏഴ് മാസമായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ മുടങ്ങിയതിലും മുഖ്യമന്ത്രിക്ക് ഒന്നും പറായനില്ല.
ആശുപത്രികളില്‍ മരുന്ന് ഇല്ലാത്തതിനെ കുറിച്ചും സപ്ലൈകോയില്‍ ഒരു സാധനങ്ങളും ഇല്ലാത്തതിനെ കുറിച്ചും മിണ്ടുന്നില്ല. ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചെവി കേള്‍ക്കില്ലേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. അസഹിഷ്ണുതയുടെ പര്യായമാണ് മുഖ്യമന്ത്രി. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് എന്തിനാണ് ഇത്രയും അസഹിഷ്ണുത?
സി.പി.എമ്മിനൊപ്പം യു.ഡി.എഫ് ഒരു സംയുക്ത പ്രക്ഷോഭത്തിനുമില്ല. ഒറ്റയ്ക്ക് പ്രക്ഷോഭം നടത്താനുള്ള ശേഷി കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. സി.എ.എയ്‌ക്കെതിരായ സംയുക്ത പ്രമേയം തള്ളിയ ഗവര്‍ണറെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി തന്നില്ലല്ലോ. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കൊപ്പമായിരുന്നു. അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഒക്കച്ചങ്ങായിമാരായിരുന്നു. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.