രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം; സമ്മർദനീക്കവുമായി വസുന്ധര ഡൽഹിയിൽ
text_fieldsജയ്പൂർ: കോൺഗ്രസ് വിജയിച്ച തെലങ്കാനയിൽ പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരിക്കെ, തങ്ങൾ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചർച്ചകൾ നടക്കുകയാണ് പാർട്ടിയിൽ. അതിനിടെ, മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് സമ്മർദനീക്കവുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിലെത്തി.
ഇന്ന് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തീരുമാനിക്കുമെന്നാണ് വിവരം. പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ദേശീയ നേതൃത്വത്തിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മുതിർന്ന നേതാവ് വസുന്ധര രാജെ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടിറങ്ങിയത് ബി.ജെ.പിയെ സമ്മർദത്തിലാക്കും.
ബുധനാഴ്ച രാത്രിയോടെയാണ് വസുന്ധര രാജെ ഡൽഹിയിലെത്തിയത്. നേതാക്കളെ കാണാനല്ലെന്നും ഡൽഹിയിലുള്ള തന്‍റെ മരുമകളെ സന്ദർശിക്കാനാണെന്നുമാണ് വസുന്ധര മാധ്യമങ്ങളോട് പറഞ്ഞത്.
രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര, സംസ്ഥാനത്തെ ഒരേയൊരു വനിതാ മുഖ്യമന്ത്രി കൂടിയാണ്. പ്രവർത്തകർക്കിടയിൽ 'റാണി' എന്നറിയപ്പെടുന്ന വസുന്ധര മുഖ്യമന്ത്രി പദത്തിൽ മൂന്നാം അവസരമാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ വസുന്ധരയുടെ വസതിയിൽ ഇവരെ പിന്തുണക്കുന്ന എം.എൽ.എമാരുടെ യോഗം ചേർന്നിരുന്നു. മുൻ മന്ത്രി കാളിചരൺ സരഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 47 എം.എൽ.എമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വസുന്ധര പക്ഷത്തിന്‍റെ അവകാശവാദം.
രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന തീവ്രഹിന്ദുത്വ വാദി ബാലക്നാഥിന്‍റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്ന മറ്റൊരു പേര്. രാജസ്ഥാന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന അരുണ്‍ സിങ്ങും രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ സി.പി. ജോഷിയും ബി.ജെ.പി ദേശീയനേതൃത്വവുമായി ചര്‍ച്ചകൾ നടത്തിയിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായാൽ ശനി, ഞായർ ദിവസങ്ങളിലായി ബി.ജെ.പി മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് നടന്ന 199 സീറ്റിൽ 115 സീറ്റ് സ്വന്തമാക്കിയാണ് ബി.ജെ.പി രാജസ്ഥാനിൽ അധികാരം കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത്. 69 സീറ്റ് മാത്രമേ കോൺഗ്രസിന് നേടാനായുള്ളൂ. പാർട്ടിയിലെ തമ്മിലടിയും ഭരണവിരുദ്ധ വികാരവുമെല്ലാം രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.