80ലും യുവതുർക്കിയെന്ന് വയലാർ രവി
text_fieldsകൊച്ചി: ഞായറാഴ്ച എൺപത് തികയുന്ന വയലാർ രവിയുടെ കമൻറ് കേട്ടുനിന്നവരെ പൊട്ടിച്ചിരിപ്പിച്ചു. ‘80 വയസ്സായി. പക്ഷേ ഇേപ്പാഴും യുവ തുർക്കി തന്നെ. കേക്ക് മുറിക്കുന്നത് നാളെയാണ്. സാധാരണ പിറന്നാൾ ആഘോഷിക്കാറില്ല. ഇത്തവണ മക്കൾ നിർബന്ധിച്ചു. പ്രായം കൂടിയെങ്കിലും ഞാൻ ചായം തേക്കാറില്ല’. ആശംസ അർപ്പിച്ചെത്തിയവരോട് പഴയ യുവതുർക്കിയുടെ പ്രതികരണം.
കടവന്ത്ര ജവഹർ നഗറിലെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് ആശംസയർപ്പിച്ചപ്പോൾ പ്രായമായതൊന്നും പ്രശ്നമില്ലെന്ന മട്ടിലായിരുന്നു വയലാർ രവിയുടെ പ്രതികരണം. ‘ദൈവാനുഗ്രഹം കൊണ്ട് കറുത്തമുടി ഇപ്പോഴുമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വെളുത്തു തുടങ്ങിയെന്ന് എൻ. വേണുഗോപാൽ പറഞ്ഞു. ഇപ്പോഴിവിടെയിരിക്കുന്നവരിൽ ഏറ്റവും അഭിമാനിക്കാവുന്നയാളാണ് താനെന്ന് അവകാശപ്പെടാനും വയലാർ രവി മറന്നില്ല.
മഹാരാജാസ് കോളജിൽനിന്ന് കെ.എസ്.യുവിന് തുടക്കം കുറിച്ച ചരിത്രം അദ്ദേഹം ഒാർത്തെടുത്തു. അന്ന് ശക്തമായിരുന്ന െഎ.എസ്.ഒ എന്ന വിദ്യാർഥി സംഘടനയെ നേരിട്ടാണ് കെ.എസ്.യുവിനെ വളർത്തിയത്. കണ്ണൂരും കാസർകോടുമുൾപ്പെടെ മലബാറിൽ കെ.എസ്.യു രൂപവത്കരിക്കാനും നിയോഗിക്കപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളജിൽ അഡ്മിഷൻ നിഷേധിക്കപ്പെട്ടിട്ടാണ് മഹാരാജാസിലെത്തിയത്. അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് സി.കെ. ഗോവിന്ദൻ നായരുടെ നിർദേശമനുസരിച്ച് മന്ത്രി ഉമ്മർ കോയയാണ് മഹാരാജാസിൽ അഡ്മിഷൻ ശരിയാക്കിത്തന്നത്.
കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ െവച്ചാണ് മലബാറിൽ നിന്നുള്ള നേതാക്കൾ കെ.എസ്.യുവിന് യൂനിറ്റുകളുണ്ടാക്കാൻ തന്നെ മലബാറിലേക്ക് ക്ഷണിച്ചത്. എനിക്ക് മഹാരാജാസിലെത്താൻ സാധിച്ചതാണ് എല്ലാത്തിനും അടിസ്ഥാനമായതെന്നതിനാൽ എസ്.ഡി കോളജ് മാനേജ്മെൻറിനോട് നന്ദിയുണ്ടെന്നും അേദ്ദഹം പറഞ്ഞു. ‘വയലാർജി അന്ന് ഈ രൂപമല്ല . നന്നേ മെലിഞ്ഞ രൂപമായിരുന്നു’ ഇടക്ക് രമേശ് ചെന്നിത്തലയുടെ കമൻറ്. 'ശരിയാണ്. തേൾവാലു പോലൊരു മീശയുള്ള മനുഷ്യൻ. അന്തരിച്ച ജി. കാർത്തികേയൻ ഒരിക്കൽ മേഴ്സിയോട് ചോദിച്ചിട്ടുണ്ട്. മേഴ്സി എങ്ങനെയാണ് ആ രൂപത്തിലുള്ള രവിയെ പ്രേമിച്ചതെന്ന്’ വയലാർ രവി വീണ്ടും ഒാർമകളിലേക്ക് പോയി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദും മറ്റ് പാർട്ടി നേതാക്കളും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.