കെ.എം.എസ്.സി.എല്ലും ആരോഗ്യവകുപ്പും നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കെ.എം.എസ്.സി.എല്ലും (കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍) ആരോഗ്യവകുപ്പും നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയവര്‍ക്ക് കെ.എം.എസ്.സി.എല്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഞെട്ടിക്കുന്നതാണ്. ജനങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി അഴിമതി നടത്തുന്ന ഈ സ്ഥാപനത്തിനെതിരെ ഉചിതമായ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണം.
സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയെന്നാണ് സി.എ.ജി കണ്ടെത്തല്‍. കെ.എം.എസ്.സി.എല്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. അഴിമതി മാത്രം ലക്ഷ്യമാക്കി സംസ്ഥാനത്തെ പാവങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന ഈ സ്ഥാപനത്തിനെതിരെ കടുത്ത നടപടിയുണ്ടാകണം.
സംസ്ഥാനത്തു രൂക്ഷമായ മരുന്ന് ക്ഷാമമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പുച്ഛിച്ച് തള്ളിക്കളയുകയാണ് ആരോഗ്യമന്ത്രി ചെയ്തത്. 2017 മുതല്‍ 2022 വരെ ഇന്‍ഡന്റ് നല്‍കിയ മരുന്നുകളില്‍ ചെറിയ ശതമാനത്തിന് മാത്രമാണ് കെ.എം.എസ്.സി.എല്‍ ഓര്‍ഡര്‍ നല്‍കിയതെന്ന കണ്ടെത്തല്‍ പ്രതിപക്ഷ ആരോപണം ശരി വെക്കുന്നതാണ്.
മരുന്നിന് 75 ശതമാനം കാലാവധി (ഷെല്‍ഫ് ലൈഫ്) വേണമെന്ന ചട്ടം കാറ്റില്‍പ്പറത്തിയാണ് കെ.എം.എസ്.സി.എല്‍ മരുന്നുകള്‍ വാങ്ങിയതെന്നും ഷെല്‍ഫ് ലൈഫ് ഇല്ലാതെയുള്ള കമ്പനികളില്‍ നിന്നും പിഴ ഈടാക്കുന്നത് ഒഴിവാക്കിയെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെ.എം.എസ്.സി.എലിന്റെ മൂന്ന് ഗോഡൗണുകള്‍ തീവച്ചതു നശിപ്പിച്ചത് ഷെല്‍ഫ് ലൈഫ് കഴിഞ്ഞ മരുന്നുകളിലെ ക്രമക്കേടുകള്‍ മറച്ചുവെക്കാനാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. സി.എ.ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അടിമുടി ദുരൂഹത നിറഞ്ഞ കെ.എം.എസ്.സി.എല്ലിന്റെയും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെയും എല്ലാ ഇടപാടുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.