ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ലഹരിക്കടത്ത്, ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സി.പി.എം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമാണ് കുടപിടിക്കുന്നതെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും പൊലീസിലെയും പാര്‍ട്ടിയിലെയും ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മാഫിയാ സംഘങ്ങളുമായി സി.പി.എം നേതാക്കള്‍ക്കും പൊലീസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യവും എന്തും ചെയ്യാമെന്ന അഹങ്കാരവുമാണ് സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കുന്നത്.
നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതും സി.പി.എം പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയ സംരക്ഷണയിലാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതാക്കളെയും അണികളെയും വിലക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാകണം. ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വന്നു.
ഈ സ്റ്റേഷനിലെ സി.ഐക്ക് സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതാണ് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.