മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് വി.ഡി സതീശൻ
text_fieldsപാലക്കാട് : മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാസപ്പടിയില്‍ ഇ.ഡി കേസെടുത്തെന്ന് പറയുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇതിന് മുന്‍പും ഇ.ഡി എത്രയോ കേസുകള്‍ എടുത്തിട്ടുണ്ട്. കരുവന്നൂരിലെയും സ്വര്‍ണക്കള്ളക്കടത്തിലെയും ലൈഫ് മിഷന്‍ കോഴയിലേയും ഇ.ഡി അന്വേഷണങ്ങള്‍ എവിടെയെത്തി. കേരളത്തില്‍ എത്തുമ്പോള്‍ ഇ.ഡിയുടെ രീതി തന്നെ മാറുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒന്നിച്ചല്ലെന്നു കാണിക്കാനുള്ള സ്റ്റണ്ടാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇ.ഡി ഏറ്റെടുത്ത അന്വേഷണങ്ങളൊക്കെ പെരുവഴിയിലാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയാണ് ഈ അന്വേഷണങ്ങളൊക്കെ തീര്‍ത്തത്. ഇതിന് പകരമായി കൊടകര കുഴല്‍പ്പണ കേസ് ഇല്ലാതാക്കി കെ. സുരേന്ദ്രനെ സര്‍ക്കാര്‍ സഹായിച്ചു. പരസ്പര സഹായ സഹകരണസംഘത്തിന് അപ്പുറത്തേക്ക് ഒരു അന്വേഷണവും പോകുന്നില്ല. മാസപ്പടിയില്‍ സീരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണ കാലയളവ് എട്ട് മാസമാണ്.
ഇന്‍കം ടാക്‌സ് ഇന്ററീം ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തില്‍ നിയമവിരുദ്ധമായ പണ ഇടപാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് എട്ട് മാസത്തെ കാലാവധി നല്‍കിയത് എന്തിനാണ്? കേരള, കര്‍ണാടക ഹൈക്കോടതികള്‍ അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞിട്ടും എസ്.എഫ്.ഐ.ഒ ഒരു നോട്ടീസ് പോലും കൊടുത്തില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പും എന്തൊക്കെ അന്വേഷണങ്ങളായിരുന്നു. ആ അന്വേഷണങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ബി.ജെ.പിയും സി.പി.എമ്മും എല്ലായിടത്തും ബാന്ധവത്തിലാണ്. നേതാക്കള്‍ തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് വരെയുണ്ട്. ഇടനിലക്കാരെ ഉപയോഗിച്ച് എല്ലാ അന്വേഷണങ്ങളും ഒത്തുതീര്‍പ്പാക്കും. മാസപ്പടിയില്‍ ഇതുവരെ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല.
എത്ര തവണയാണ് തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള പ്രേമലേഖനങ്ങള്‍ അയയ്ക്കലൊന്നും ഇല്ലല്ലോ. അറസ്റ്റ് ചെയ്യില്ലെന്ന് കോടതി പറഞ്ഞിട്ടും ഐസക് ഇ.ഡിക്ക് മുന്നില്‍ പോകാത്തത് എന്തുകൊണ്ടാണ്? ഡല്‍ഹി മുഖ്യമന്ത്രി ഉള്‍പ്പെടെ ഏതെങ്കിലും പ്രതിപക്ഷ നേതാക്കളോട് ഇ.ഡി ഈ ഔദാര്യം കാണിച്ചിട്ടുണ്ടോ? മുന്‍ ധനകാര്യ മന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ മതില്‍ ചാടിക്കടന്നാണ് ഇ.ഡി എത്തിയത്. അമിത് ഷായെ ജയിലില്‍ കിടത്തിയതിന്റെ ദേഷ്യം തീര്‍ക്കാനാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്. ആ ആവേശമൊന്നും കേരളത്തിലില്ല. പ്രേമലേഖനം അയക്കുന്നതു പോലെയാണ് നോട്ടീസ് അയക്കുന്നത്.
കേരളത്തിലെ സി.പി.എമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബാന്ധവമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാം. അതിനുള്ള തെളിവുകള്‍ പ്രതിപക്ഷം ഹാജരാക്കിയിട്ടുണ്ട്. ലാവലിന്‍ കേസ് 38 തവണ മാറ്റി. കരുവന്നൂര്‍, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, സുരേന്ദ്രന്റെ കുഴല്‍പ്പണം ഉള്‍പ്പെടെയുള്ളവ പ്രതിപക്ഷം തെളിവായി ഉയര്‍ത്തിക്കൊണ്ടു വന്നു. ഏറ്റവും അവസാനമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രഭാഷണം നടത്തി. ഇതൊക്കെ മറയ്ക്കാനുള്ള നമ്പറാണ് ഈ അന്വേഷണം. ഇപ്പോള്‍ അന്തര്‍ധാരയല്ല, പരസ്യമായ ബിസിനസ് ബന്ധമാണ്.
മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സംഘപരിവാറുമായി എന്ത് ചര്‍ച്ചയാണ് നടത്തിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ശ്രീ എമ്മിന് നാല് ഏക്കര്‍ സ്ഥലം പതിച്ചു കൊടുത്തത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയില്ല. അടുത്തകാലത്ത് ശ്രീ എം തിരുവനന്തപുരത്ത് എത്തി വീണ്ടും ചര്‍ച്ച നടത്തി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെ നിരവധി ഇടനിലാക്കാരുണ്ട്. പാവമായതു കൊണ്ടാണ് ഇ.പി ജയരാജന്‍ ഉള്ളിലുള്ളത് അറിയാതെ പറഞ്ഞു പോയതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.