സര്‍വകലാശാല ബില്ലിനെ അടുത്തഘട്ടത്തിലും ശക്തിയായി എതിർക്കുമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സര്‍വകലാശാല ബില്ലിനെ അടുത്തഘട്ടത്തിലും ശക്തിയായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബില്‍ നടപ്പായാല്‍ സര്‍വകലാശാലകള്‍ തകരും എന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനേക്കാള്‍ ഗവര്‍ണറെ എതിര്‍ത്തിട്ടുള്ളത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന തരത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത് മന്ത്രിയാണ്. യു.ജി.സി നോട്ടിഫിക്കേഷനില്‍ കൊണ്ടുവന്ന ലീഗല്‍ ഒബ്ജക്ഷന്‍ നിലനില്‍ക്കില്ലെന്ന് ഒന്നരമണിക്കൂര്‍ മന്ത്രി വാദിക്കുകയും സ്പീക്കര്‍ തടസവാദം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ വൈകീട്ട് നടന്ന സബ്ജക്ട് കമ്മിറ്റിയില്‍ ആ ലീഗല്‍ ഒബ്ജക്ഷന്‍ മന്ത്രി അംഗീകരിച്ചു.
യു.ജി.സി നോട്ടിഫിക്കേഷന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ സബോര്‍ഡിനേറ്റ് ലജിസ്ലേഷനാണെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത്. സംസ്ഥാന നിയമത്തേക്കാള്‍ നിലനില്‍ക്കുന്നതും യു.ജി.സി നോട്ടിഫിക്കേഷനാണ്. അനുച്ഛേദം 177 അനുസരിച്ച് ഏത് മന്ത്രിക്കും സഭയില്‍ ആര് സംസാരിക്കുന്നതും തസപ്പെടുത്തി സംസാരിക്കാമെന്ന വിചിത്രവാദം നിയമ മന്ത്രി ഉന്നയിച്ചു. രണ്ട് സഭകളുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഇരു സഭകളിലെയും നടപടിക്രമങ്ങളില്‍ പങ്കെടുക്കാനുള്ള അധികാരത്തെ കുറിച്ചാണ് അനുച്ഛേദം 177 ല്‍ പറയുന്നത്. ഈ അനുച്ഛേദത്തെയാണ് മന്ത്രി വളച്ചൊടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.