സി.പി.എം നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാന്തര റിക്രൂട്ടിങ് സംവിധാനമെന്ന് വി.ഡി സതീശൻ
text_fieldsസി.പി.എം നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാന്തര റിക്രൂട്ടിങ് സംവിധാനമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സി.പി.എം നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാന്തര റിക്രൂട്ടിങ് സംവിധാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ പി.എസ്.സി നടത്തിയ നിയമനങ്ങളുടെ പട്ടികയാണ് മന്ത്രി വായിച്ചത്. എന്നാല്‍ 2011 മുതല്‍ 2016 വരെയുള്ള നിയമനങ്ങളെ സംബന്ധിച്ച് മന്ത്രി പറഞ്ഞ കണക്കുകളും വസ്തുതാപരമായി തെറ്റാണ്. ഒരു ലക്ഷത്തി അന്‍പത്തിയെണ്ണായിരത്തി അറുനൂറ്റി എണ്‍പത് പേരെയാണ് നിയമിച്ചത്. നിയമന ശുപാര്‍ശ അയച്ചവരുടെ എണ്ണം കൂടി ചേര്‍ത്താണ് ഇപ്പോഴത്തെ നിയമനം സംബന്ധിച്ച് മന്ത്രി പറഞ്ഞതെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ ചൂണ്ടിക്കാട്ടി.
പിന്‍വാതിലിലൂടെ നിയമിച്ചവരെ സംരക്ഷിക്കാന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ ജോലി സാധ്യത ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഇതുകൂടാതെ മനപൂര്‍വമായി സ്‌പെഷല്‍ റൂള്‍സ് തയാറാക്കാതെ യു.ഡി.എഫ് -എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് പി.എസ്.സിക്ക് വിട്ട പല തസ്തികകളിലേക്കും ഈ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. ഒരു കാലഘട്ടത്തിലും ഇല്ലാത്ത തരത്തില്‍ രണ്ടര മുതല്‍ മൂന്നു ലക്ഷം പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചിരിക്കുന്നത്.
മുപ്പത് ലക്ഷത്തിലധികം പേര്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഇത്രയും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് 1959-ലെ എപ്ലോയ്‌മെന്റ് എക്‌സേഞ്ച് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ടിന്റെ മൂന്നും നാലും വകുപ്പുകളുടെയും ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനവുമാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീംകോടതി ഉത്തരവും കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. താല്‍ക്കാലിക വേതനക്കാരുടെ ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലൂടെ നികത്താന്‍ തയാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സി.പി.എമ്മിലെ വീതംവയ്പ്പിനെ കുറിച്ചുള്ള അധികരത്തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് കത്ത് പുറത്തായത്. ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്ന് മന്ത്രി പറഞ്ഞത്? കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്? പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തല്‍ മന്ത്രി നിയമസഭയില്‍ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.