ബജറ്റിനെതിരെ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ദിനംപ്രതി തെളിയുകയാണെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: ബജറ്റിനെതിരെ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നികുതി പിരിവിലുണ്ടായ അപകടകരമായ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേല്‍ കെട്ടിവക്കുന്നത്. അതുതന്നെയാണ് ഇന്നലെ സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പതിനായിരം കോടിയോളം രൂപ സ്വര്‍ണത്തില്‍ നിന്നും പിരിച്ചെടുക്കാനുണ്ട്. ബാറുകളില്‍ ടേണ്‍ ഓവര്‍ ടാക്‌സും പിരിച്ചിട്ടില്ല.
ചെക്ക് പോസ്റ്റും ക്യാമറയും പരിശോധനകളും ഇല്ലാത്ത അരാജകത്വമാണ് നികുതി വകുപ്പില്‍ നടക്കുന്നത്. നികുതി വകുപ്പിനുണ്ടായ പരാജയവും ധൂര്‍ത്തുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. കേരളം കടക്കെണിയില്‍ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും കടവും തമ്മിലുള്ള അനുപാതം 39.1 ആണ്. മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയിലല്ല. 19 സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലും അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ നികുതി വരുമാന വര്‍ധന വെറും രണ്ട് ശതമാനമാണ്.
ജപ്തി നടപടിയെ തുടര്‍ന്ന് വൈക്കത്ത് കര്‍ഷകനും ആറ് മാസമായി ശമ്പളം ലഭിക്കാതെ പത്താനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തു. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം പെന്‍ഷന്‍ വിതരണം ചെയ്തിട്ട് 14 മാസമായി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ വതിരണം ചെയ്യുന്നവര്‍ക്കുള്ള വേതനം ഒരു വര്‍ഷമായി നല്‍കുന്നില്ല. എന്നിട്ടാണ് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ഞെളിഞ്ഞിരുന്ന് മുഖ്യമന്ത്രി പറയുന്നത്. കര്‍ഷക കടാശ്വാസം കമ്മിഷന്‍ 400 കോടി രൂപയാണ് കൊടുക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ ഇതൊക്കെ കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.
കിഫ്ബിയുടെ കാര്യം ഇപ്പോള്‍ തീരുമാനമായി. കിഫ്ബിയുടെ കടം സര്‍ക്കാരിന്റെ ബാധ്യതയാകുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ അത് സംഭവിച്ചു. 19 സംസ്ഥാനങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവ് സാമൂഹി സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. നികുതിക്കൊള്ളയ്‌ക്കെതിരെ 13, 14 തീയതികളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. യു.ഡി.എഫിലെ ഘടകകക്ഷികളുടേതായ സമരങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. കോട്ടയത്ത് നാളെ കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിര യു.ഡി.എഫ് എല്ലാ കാര്‍ഷിക മേഖലകളിലും പോര്‍മുഖം തുറക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മാത്രമാണ് യു.ഡി.എഫ് സമരം. എങ്ങനെ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ടെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.