Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബഫര്‍ സോണില്‍...

ബഫര്‍ സോണില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
ബഫര്‍ സോണില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ബഫര്‍ സോൺ വിഷയത്തിൽ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിനാൽ മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിരോധിക്കും. കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. പ്രാദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാര്‍ഡുകളില്‍ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്. ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സര്‍വേയില്‍ ബഫര്‍ സോണായി രേഖപ്പെടുത്തി.

ജനങ്ങള്‍ക്ക് മനസിലാകാത്ത മാപ്പ് സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളില്‍ വിദഗ്ധ സമിതിക്ക് പരാതി നല്‍കാമെന്നുള്ള നിർദേശവും അപ്രായോഗികമാണ്. ജനുവരിയില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്കും മലയോരജനതയ്ക്കും വന്‍ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തിരമായി ഗ്രൗണ്ട് സർവേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.

ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കര്‍ഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്. കര്‍ഷരെയും സാധാരണക്കാരെയും ചേര്‍ത്തു നിര്‍ത്തേണ്ട സര്‍ക്കാര്‍ ബഫര്‍ സോണിന്‍റെ പേരില്‍ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffer zoneVD Satheesan
News Summary - VD Satheesan says that the government is cheating the farmers in the buffer zone
Next Story