ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന: സി.ബി.ഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സോളാർ കേസിൽ രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണ്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സി.പി.എമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സി.ബി.ഐ റിപ്പോർട്ട് അതിന് അടിവരയിടുന്നു. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവർ കണക്ക് പറയേണ്ടി വരും.
സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി.പി.എമ്മിന്റെ ആശിർവാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഡാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.
ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും. വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.