നിയമവിരുദ്ധ നിയമനങ്ങള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒറ്റക്കെട്ടായി നടത്തിയതെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: നിയമവിരുദ്ധ നിയമനങ്ങള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒറ്റക്കെട്ടായി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ എക്കാലവും ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണ്.
ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തത്. മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍, ഭരണകക്ഷിയേക്കാള്‍ ശക്തിയായി, അങ്ങനെയൊരു അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സി.ഐ.എയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അജണ്ട ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചപ്പോള്‍, ആ ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞത് കേരളത്തിലെ യു.ഡി.എഫാണ്.
യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് വി.സിമാരെ നിയമിക്കുന്നതെന്ന് ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ക്കെ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ട് നിന്നതിന്റെ പോരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഒരു അധിക്ഷേപവും പറഞ്ഞിട്ടില്ല.
സുപ്രീം കോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘപരിവാര്‍ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാര്‍ പ്രതിനിധിയെ വി.സിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
ഒമ്പത് സര്‍വകലാശാലയിലെയും വി.സിമാരുടെയും ക്രമരഹിതമാണ്. ഇത് ഒരു വര്‍ഷമായി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് തന്നെയാണ് സുപ്രീം കോടതിയും ഇപ്പോള്‍ ശരി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വി.സിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വി.സിമാരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കിയതിന്റെ ഉത്തരവാദി, നിയമം ലംഘിച്ച് വി.സിമാരെ പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവര്‍ണറും.
കേരളത്തിലെ യു.ഡി.എഫിന്റെ നിലപാടാണ് വ്യക്തമാക്കിയത്. കേന്ദ്രത്തിനെതിരെ കേരള നേതൃത്വമെന്നോ കോണ്‍ഗ്രസിനെതിരെ മുസ്ലീംലീഗെന്നോയുള്ള അടിക്കുറിപ്പാണ് ചില മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള പ്രസ്താവ ഇറക്കാന്‍ പറ്റില്ല. പക്ഷെ എല്ലാ പ്രസ്തവനകളുടെയും ഉള്ളടക്കം ഒന്നാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കത്ത് കൊടുക്കുകയും മുഖ്യമന്ത്രി നേരില്‍ക്കണ്ട് കാല് പിടിക്കുകയും ചെയ്തത് കൊണ്ടല്ലേ കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം ലഭിച്ചതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും തയാറായില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഇത്രനാള്‍ എന്തായിരുന്നു ഏര്‍പ്പാടെന്ന് ആദ്യം അന്വേഷിക്ക്. അല്ലാതെ യു.ഡി.എഫിന് മേല്‍ കുതിരകയറാന്‍ വരേണ്ടെന്നും സതീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.