വേങ്ങരയിൽ വോട്ടരങ്ങൊരുങ്ങി
text_fieldsമലപ്പുറം: ബി.ജെ.പിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുന്നണികളുടെ മത്സരചിത്രം പൂർണമായി.
വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. കെ.എൻ.എ. ഖാദർ (യു.ഡി.എഫ്), പി.പി. ബഷീർ (എൽ.ഡി.എഫ്), കെ. ജനചന്ദ്രൻ (എൻ.ഡി.എ), കെ.സി. നസീർ (എസ്.ഡി.പി.ഐ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ശിവസേനയിലെ എ. ശിവദാസൻ, സ്വാഭിമാൻ പാർട്ടിയുടെ ശ്രീനിവാസ്, സ്വതന്ത്രൻ കെ. പത്മരാജൻ എന്നിവരും ചില ഡമ്മികളും ഇതിനകം പത്രിക സമർപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 25നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 27 ആണ്. യു.ഡി.എഫും എൽ.ഡി.എഫും കൺവെൻഷനുകൾ നടത്തി മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. ഇവരുടെ സംസ്ഥാന നേതാക്കൾ ഇതിനായി വേങ്ങരയിലെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രചാരകർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ച സ്ഥാനാർഥികൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
പഞ്ചായത്തുതല കൺവെൻഷനുകളിലേക്കാണ് മുന്നണികൾ ഇനി കടക്കുന്നത്. തുടർന്ന് പല ഘട്ടങ്ങളിലായി ഓരോ പഞ്ചായത്തിെൻറയും മുക്കിലും മൂലയിലുമെത്തി സ്ഥാനാർഥികൾ വോട്ട് തേടും.
കുടുംബയോഗങ്ങളും സമാന്തരമായി നടക്കും. കോൺഗ്രസ്- മുസ്ലിം ലീഗ് പ്രാദേശിക ഭിന്നതകൾ അവസാനിപ്പിക്കാൻ യു.ഡി.എഫ് ജില്ല നേതൃത്വം തിരക്കിട്ട ശ്രമത്തിലാണ്.
വോട്ടിൽ കാര്യമായ വർധന കണക്കുകൂട്ടുന്ന എൽ.ഡി.എഫ് എതിർപാളയത്തിലെ തർക്കങ്ങൾ മുതലെടുക്കാനാവുമോ എന്നാണ് നോക്കുന്നത്. ബി.ജെ.പി പ്രവർത്തകർ ഇന്നുമുതൽ രംഗത്തുണ്ടാവും. എസ്.ഡി.പി.ഐയും പ്രചാരണവുമായി മുന്നോട്ടുപോവുകയാണ്. മത്സരിക്കുന്നില്ലെന്ന് വെൽഫെയർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.