വേങ്ങര: എസ്.ടി.യു നേതാവ് പത്രിക നൽകി
text_fieldsമലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുസ്ലിം ലീഗ് തൊഴിലാളി സംഘടന എസ്.ടി.യുവിെൻറ നേതാവ് കെ. ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ കലക്ടറേറ്റിൽ വരണാധികാരി മുമ്പാകെ പത്രിക നൽകി. കെ.എൻ.എ. ഖാദർ മത്സരരംഗത്തില്ലെങ്കിൽ താനും പിന്മാറുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചു നിൽക്കുന്നതായി സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുൻ ജില്ല പ്രസിഡൻറായ ഹംസ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റുകയെന്നത് മുസ്ലിം ലീഗിൽ മുമ്പില്ലാത്തതാണെന്ന് ഹംസ കുറ്റപ്പെടുത്തി. പാർലമെൻററി ബോർഡ് ഒരാളെ നിശ്ചയിക്കുകയും സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിക്കുകയുമാണ് പതിവ്. ധാരണപ്രകാരം യു.എ. ലത്തീഫാണ് സ്ഥാനാർഥിയാകേണ്ടിയിരുന്നത്. ഇക്കാര്യം മുൻകൂട്ടി റിപോർട്ട് ചെയ്ത മാധ്യമങ്ങൾക്കും തെറ്റിയിട്ടില്ല. എന്നാൽ പ്രഖ്യാപനദിവസം രാവിലെ എല്ലാം മാറിമറിഞ്ഞു. ഖാദറിെൻറ സമ്മർദത്തിന് വഴങ്ങുകയായിരുന്നു നേതൃത്വം. കൊണ്ടോട്ടിക്കാരും വള്ളിക്കുന്നുകാരും ഓരോ തവണ എം.എൽ.എയാക്കി തള്ളിക്കളഞ്ഞയാളാണ് ഖാദർ. അദ്ദേഹം ഇക്കുറി പരാജയപ്പെടും. പ്രവർത്തകർക്കിടയിലെ അതൃപ്തി മുതലെടുക്കാൻ മറ്റുള്ളവർക്ക് അവസരം ലഭിക്കാതിരിക്കാനാണ് താൻ സ്ഥാനാർഥിയാകുന്നത്. കൂടുതൽ കാര്യങ്ങൾ തെരഞ്ഞെടുപ്പ് തലേന്ന് വെളിപ്പെടുത്തുമെന്നും ഹംസ പറഞ്ഞു.
1984 മുതൽ എസ്.ടി.യുവിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിക്കുന്ന ഹംസ നിലവിൽ രണ്ടത്താണി യൂനിറ്റ് പ്രസിഡൻറും മലപ്പുറം ബാറിലെ അഭിഭാഷകനുമാണ്. 1991ലെ പ്രഥമ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ആതവനാട് ഡിവിഷനിൽ യു.ഡി.എഫിനെതിരെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ലീഗിെൻറ സീറ്റ് കോൺഗ്രസ്സിന് നൽകിയെന്ന് പറഞ്ഞായിരുന്നു ഇത്. അന്ന് സി.പി.ഐയിലെ ആളൂർ പ്രഭാകരൻ അട്ടിമറി ജയം നേടുകയും യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസ്സിലെ വി.എം. കൊളക്കാട് ഹംസക്ക് പിന്നിൽ മൂന്നാം സ്ഥാനത്താവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.