വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി ഉപരാഷ്ട്രപതി പദത്തിൽ
text_fieldsVenkaiah Naiduപ്രാസം വിടാതെ മനോഹരമായി ഒഴുകുന്ന വാക്കുകളുമായി പ്രസംഗവേദികളെ തീപിടിപ്പിക്കുകയും കക്ഷി രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാക്കുകയും ചെയ്ത തെന്നിന്ത്യൻ കാവി രാഷ്ട്രീയത്തിെൻറ മുഖമാണ് പുതുതായി ഇന്ത്യൻ ഉപരാഷ്ട്രപതി പദമേറുന്നത്. 1949 ജൂലൈ ഒന്നിന് ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ ചാവടപാലത്താണ് വെങ്കയ്യ നായിഡുവിെൻറ ജനനം. പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് പൊളിറ്റിക്സ് ആൻഡ് ഡിപ്ലോമാറ്റിക് സ്റ്റഡീസിൽ ബിരുദവും നെല്ലൂരിൽനിന്നു പൂർത്തിയാക്കിയ ശേഷം വിശാഖപട്ടണത്തെ ആന്ധ്ര യൂനിവേഴ്സിറ്റി ലോ കോളജിൽനിന്ന് നിയമബിരുദം.
ചെറുപ്രായത്തിലേ ആർ.എസ്.എസ് അംഗമായിരുന്നുവെങ്കിലും എ.ബി.വി.പി വഴി വിദ്യാർഥി രാഷ്ട്രീയത്തിെൻറ ഭാഗമാകുന്നത് ബിരുദപഠന കാലത്ത്. 1971ൽ നെല്ലൂർ വി.ആർ കോളജ് യൂനിയൻ പ്രസിഡൻറായാണ് തുടക്കം. രണ്ടുവർഷം കഴിഞ്ഞ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനുമായി.
പ്രഭാഷണവും സംഘടനയും ഒരേ ഉൗർജത്തോടെ കൂടെക്കൊണ്ടുനടന്ന 1972ൽ സംഘടിപ്പിക്കപ്പെട്ട ജയ് ആന്ധ്ര പ്രക്ഷോഭത്തോടെയാണ് വെങ്കയ്യ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലേക്ക് എത്തുന്നത്. കർഷകരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലേക്ക് വഴിതുറന്നു. 1978ൽ നെല്ലൂരിലെ ഉദയഗിരി മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ. അഞ്ചുവർഷം കഴിഞ്ഞ് അതേ മണ്ഡലത്തിൽനിന്ന് വീണ്ടും ജയം. സംഘടനരാഷ്ട്രീയത്തിലെ വിവിധ പദവികൾ വഹിച്ചശേഷം 1998ൽ കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക്.
2004ലും 2010ലും വീണ്ടും രാജ്യസഭ എം.പിയായി. 1996-2000 കാലത്ത് പാർട്ടി വക്താവായിരുന്നു. ഹിന്ദി എളുപ്പം വഴങ്ങിയതോടെ ഉത്തരേന്ത്യയിലും ബി.ജെ.പി വേദികളിൽ വെങ്കയ്യയുടെ വാചാലത അനുരണനങ്ങൾ തീർത്തു. ഇംഗ്ലീഷ്, തെലുങ്ക് ഭാഷകൾ അനായാസമായി സംസാരിച്ച അദ്ദേഹത്തിന് തമിഴും വഴങ്ങി. 1999ൽ എൻ.ഡി.എ അധികാരമേറിയപ്പോൾ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഉൾപ്പെടെ പദ്ധതികൾ ഇക്കാലത്തെ ഭരണനേട്ടങ്ങൾ. 2002ൽ ജന കൃഷ്ണമൂർത്തിയുടെ പിൻഗാമിയായി ബി.ജെ.പി പ്രസിഡൻറ് പദവിയിൽ.
തൊട്ടടുത്തവർഷം എതിരില്ലാതെ മൂന്നു വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെെട്ടങ്കിലും 2004ലെ പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തോൽവി വഴങ്ങിയതോടെ രാജിവെച്ചു.
2014ൽ ബി.ജെ.പി ഒറ്റക്കു ഭൂരിപക്ഷവുമായി അധികാരമേറിയപ്പോൾ നഗരവികസന, പാർലമെൻററികാര്യ മന്ത്രിയായി. 2016ൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക്. കേന്ദ്ര വാർത്താവിനിമയ, പ്രക്ഷേപണ മന്ത്രിയായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നതും വൻ ഭൂരിപക്ഷത്തോടെ ജയിച്ച് രാജ്യസഭയുടെ അമരക്കാരനാവുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.