വിജയ് രൂപാണിക്ക് തുണയായത് അമിത് ഷാ
text_fieldsഅഹ്മദാബാദ്: വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ വിജയ് രൂപാണിക്ക് തുണയായത് അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലം മോശമായിട്ടും രണ്ടാമൂഴം ലഭിക്കാൻ സഹായിച്ചത് ക്ലീൻ ഇമേജിനേക്കാൾ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായുള്ള അടുപ്പമാണ്. അമിത് ഷാ തന്നെയാണ് ആദ്യതവണ രൂപാണിയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയത്. സംസ്ഥാനത്തെ ഇളക്കിമറിക്കുകയും നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റുപോലും ലഭിക്കാത്ത വിധത്തിൽ കനത്ത തിരിച്ചടിക്ക് കാരണമാവുകയും ചെയ്ത പാട്ടീദാർ സംവരണസമരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടും വീണ്ടും അവസരംലഭിക്കാൻ ആർ.എസ്.എസ് ബന്ധവും നരേന്ദ്ര മോദിയുടെ ആശിർവാദവും തുണയായിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റിൽ നിന്നാണ് കടുത്ത മത്സരത്തിലൂടെ രൂപാണി നിയമസഭയിലെത്തിയത്.
1956 ആഗസ്റ്റിൽ മ്യാന്മറിലെ (അന്ന് ബർമ) യാംഗോനിലെ ജയിൻ ബനിയ കുടുംബത്തിലാണ് രൂപാണിയുടെ ജനനം. ബിസിനസ് ആവശ്യാർഥം കുടുംബം അവിടെ സ്ഥിരതാമസമായിരുന്നു. മ്യാന്മറിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് അവർ 1960ൽ ഗുജറാത്തിലെ രാജ്കോട്ടിലേക്ക് വന്നു. ധർമേന്ദ്രസിങ്ജി ആർട്സ് കോളജിൽനിന്ന് ബി.എയും സൗരാഷ്ട്ര സർവകലാശാലയിൽനിന്ന് എൽ.എൽ.ബിയും പാസായി. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ആർ.എസ്.എസിലും 1971ൽ ജനസംഘത്തിലും പിന്നീട് ബി.ജെ.പിയിലും അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഭുജ്, ഭാവ്നഗർ ജയിലുകളിലായി 11 മാസം തടവ്.
1978 മുതൽ 1981 വരെ ആർ.എസ്.എസ് പ്രചാരക്. 1987ൽ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ അംഗമായി പാർലമെൻററി രാഷ്ട്രീയത്തിലേക്ക്. 1996-97ൽ രാജ്കോട്ട് മേയർ. 1998ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി. പിന്നീട് മൂന്നുതവണ കൂടി ഇൗ പദവി വഹിച്ചു. 2006 മുതൽ 2012 വരെ രാജ്യസഭാംഗം.2014 ഒക്ടോബർ 19ന് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ രാജ്കോട്ട് വെസ്റ്റിൽനിന്ന് നിയമസഭയിലെത്തി. 2014 നവംബറിൽ ആനന്ദിബെൻ പാട്ടീൽ മന്ത്രിസഭയിൽ ഗതാഗത-ജലവിതരണ, തൊഴിൽ മന്ത്രിയായി. ഇതിനിടെ 2016 ഫെബ്രുവരി 19ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി. ആഗസ്റ്റ് വരെയാണ് പദവി വഹിച്ചത്. സംവരണസമരം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആനന്ദിബെൻ പേട്ടൽ പരാജയപ്പെെട്ടന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അമിത് ഷാ മുൻകൈയെടുത്താണ് 2016 ആഗസ്റ്റ് ഏഴിന് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.