ലത്തീഫിനെ ചാനലുകൾ സ്ഥാനാർഥിയാക്കി; മിനിറ്റുകൾക്കുള്ളിൽ തിരുത്ത്
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ചാനലുകൾ വെട്ടിലായി. തീരുമാനം വന്നതോടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ സ്ഥാനാർഥി മാറി എന്നും പറഞ്ഞാണ് സ്വന്തംനിലയിൽ പ്രഖ്യാപനം നടത്തിയവർ തലയൂരിയത്. പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പ്രഖ്യാപനം നടന്നത്.
ഞായറാഴ്ച സി.പി.എം സ്ഥാനാർഥിയെ തീരുമാനിച്ചതിന് പിറകെയാണ് തിങ്കളാഴ്ച രാവിലെതന്നെ പ്രഖ്യാപനം നടത്താൻ ലീഗ് നേതൃത്വം തയാറായത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് വാർത്ത നൽകാൻ മാധ്യമപ്രവർത്തകരും പാണക്കാെട്ടത്തി. പ്രഖ്യാപനത്തിനായി കാത്തുനിൽക്കുന്നതിനിടെ സ്ഥാനാർഥി പരിഗണനയിലുണ്ടായിരുന്ന യു.എ. ലത്തീഫിനെ യോഗത്തിലേക്ക് വിളിപ്പിച്ചതായി വിവരം ലഭിച്ചു. ഇതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാർഥിയെന്ന ധാരണ പരന്നു.
യോഗം അവസാനിക്കുന്നതിന് മുമ്പുതന്നെ സ്ഥാനാർഥിയെ ‘പിടികിട്ടിയ’ ആവേശത്തിൽ ചാനൽ പ്രവർത്തകർ ലത്തീഫിെൻറ പേര് ബ്രേക്കിങ് ന്യൂസായി നൽകി. അദ്ദേഹത്തിെൻറ ദൃശ്യങ്ങൾ പലതവണ സ്ക്രീനിൽ തെളിഞ്ഞു. വാർത്ത കണ്ട പ്രേക്ഷകർ അദ്ദേഹം തന്നെയാണ് സ്ഥാനാർഥിയെന്ന് കരുതി. മാധ്യമ പ്രവർത്തകരുൾപ്പെടെ വാട്സ്ആപ് ഗ്രൂപ്പിലും ഒാൺലൈനിലും ലത്തീഫിെൻറ ചിത്രവും വിവരങ്ങളും പങ്കുവെച്ചു. എന്നാൽ, ഇൗ അമിതാവേശത്തിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമാണുണ്ടയത്.
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന കെ.എൻ.എ. ഖാദറിനെ സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചു. അദ്ദേഹം വഹിച്ചിരുന്ന മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സ്ഥാനം യു.എ. ലത്തീഫിന് നൽകിയതായി അറിയിക്കുകയും ചെയ്തു. ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ സ്ഥാനാർഥിയെ തീരുമാനിച്ചവർക്ക് മിനിറ്റുകൾക്കുള്ളിൽ പറഞ്ഞതത്രയും മാറ്റിപ്പറയേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.