ആരാണീ ശ്രീനിവാസൻ? വിമർശനവുമായി സുധീരൻ
text_fieldsതിരുവനന്തപുരം: എ.ഐ.സി.സി സെക്രട്ടറിയായി നിയമിതനായ ശ്രീനിവാസൻ ആരാണെന്ന ചോദ്യമുയർത്തി ശക്തമായ എതിർപ്പുമായി വി.എം. സുധീരൻ. ഫേസ്ബുക്കിലാണ് അതിരൂക്ഷമായ എതിർപ്പ് സുധീരൻ പ്രകടിപ്പിച്ചത്. ‘ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തനരംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു?’ -സുധീരൻ ചോദിച്ചു.
പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് ദേശീയ അധ‍്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി എ.കെ. ആൻറണി നിലകൊള്ളുന്നു എന്നത് അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ചുമതല തങ്ങളാലാവുംവിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് കാണുന്നത്. കഠിനാധ്വാനിയായ ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതിനുശേഷമാണ് ‘ആരാണീ ശ്രീനിവാസൻ’ എന്ന ചോദ്യം സുധീരൻ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.