‘‘വിക്ടേഴ്സ് ചാനൽ: ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണത്’’
text_fieldsപാലക്കാട്: വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വി.എസ് രംഗത്തെത്തിയത്.
‘ഐ.ടി അറ്റ് സ്കൂള്‍’ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരാണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐ.ടിയുടെ സാന്നിധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ്. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‍വെയറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും വി.എസ് പ്രസ്താവിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു യു.ഡി.എഫ് നിലപാട്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് വിക്ടേഴ്സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ചാനല്‍ ആളുകളിലേക്കെത്തിയത് എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമാണ്.
വിക്ടേഴ്സ് ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍.ഡി.എഫ് ചെയ്തിട്ടുള്ളു. ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ആഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും.
എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നും വി.എസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.