പാർട്ടിക്കൊപ്പം പോരാട്ടയാത്ര; വി.എസിനെയും ശങ്കരയ്യയെയും ആദരിച്ച് സി.പി.എം
text_fieldsഹൈദരാബാദ്: അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് 1964ൽ 32 പേര്‍ക്കൊപ്പം ഇറങ്ങിപോരുമ്പോള്‍ എൻ. ശങ്കരയ്യക്ക് 43 വയസ്സ്. വി.എസ്. അച്യുതാനന്ദന് 39 ഉം. ചെറുപ്പം തിളക്കുന്ന പ്രായം. അതിനേക്കാളേറെ പ്രത്യയശാസ്ത്രത്തോടുള്ള അടിയുറച്ച വിശ്വാസം മാത്രമായിരുന്നു അവരുടെ കൈമുതല്‍ എന്ന് പറയുന്നതാകും ശരി. സി.പി.എം രൂപവത്കരിച്ച 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴു വരെ കൊല്‍ക്കത്തയില്‍ നടന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ അതിെൻറ കേന്ദ്ര കമ്മിറ്റിയില്‍ അംഗമായി ഇരുവരും. തമിഴ്നാട്ടില്‍നിന്നുള്ള എന്‍. ശങ്കരയ്യക്ക് വരുന്ന ജൂലൈയില്‍ 97 തികയും. വി.എസിന് 94 തികഞ്ഞു.
മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല എന്നത് തങ്ങളുടെ കുഴപ്പമല്ലെന്ന ഭാവമാണ് രണ്ടുപേരുടെയും മുഖമുദ്ര. ഇവരില്‍ ശങ്കരയ്യ ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ ഉള്പ്പെടെയില്ല. അപ്പോഴും വി.എസ് എന്ന പോരാളി കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുന്നു. 54 വര്‍ഷത്തിനുശേഷം പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഈ രണ്ടു പേരെയും 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. പോളിറ്റ് ബ്യൂറോയിലെ 16 അംഗങ്ങളും അഞ്ച് ഇടത്പക്ഷ പാര്‍ട്ടി നേതാക്കളും 763 പ്രതിനിധികളും 70 നിരീക്ഷകരും ഉൾപ്പെടുന്ന വേദിയെയും സദസ്സിനെയും സാക്ഷിനിര്‍ത്തി ഇരുവരെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദരിച്ചപ്പോള്‍ പാര്‍ട്ടി സ്വയം ബഹുമാനിതമായി എന്ന ഭാവമായിരുന്നു സമ്മേളനം നടക്കുന്ന മുഹമ്മദ് അമീന് നഗറിൽ.
സെല്‍ഫി കാലത്തും ജനനായകനായി വിലസുന്ന വി.എസിെൻറ വേദിയിലേക്കുള്ള വരവ് തിരയിളക്കം ഉയര്‍ത്തിയായിരുന്നു. മാധ്യമങ്ങള്‍ ആദ്യം പൊതിഞ്ഞു. സഹായിയുടെ കൈത്താങ്ങില്‍ തല ഉയര്‍ത്തിപിടിച്ച് മുന്‍നിരയില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും മുമ്പേ ഇരുന്നു. പിറകെ തെലുങ്കില്‍ അഭിവാദ്യ മുദ്രാവാക്യം. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരുടെ സെല്‍ഫി. എല്ലാവര്ക്കും വേണ്ടുവോളം സമയം നല്കി വി.എസും ആസ്വദിച്ചു. കഴിഞ്ഞ കുറച്ച് കാലമായി ദേശീയ രംഗത്ത് സജീവമല്ലാത്തതിനാലാവാം ശങ്കരയ്യ കടന്നുവന്നപ്പോള്‍ അധികം പേര് അറിഞ്ഞില്ല.
എന്നാല്‍, കനലെരിയുന്ന പഴയകാലത്തിെൻറ ഓർമപ്പിണരില് വി.എസ് കൈകൂപ്പി. അടുത്തിരുന്ന ഇരുവരും ആരാണെന്ന് അറിഞ്ഞതോടെ മാധ്യമങ്ങള്‍ വീണ്ടും തിരക്ക് കൂട്ടി. ഉദ്ഘാടന ചടങ്ങിന് പിന്നാലെ വി.എസ് ഒന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ജനറല്‍ സെക്രട്ടറി ഇരുവരെയും ആദരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്. ആദ്യം ശങ്കരയ്യയുടെ ഊഴം. നിലക്കാത്ത മുദ്രാവാക്യം വിളികളില്‍ ആദരവ് ഏറ്റുവാങ്ങിയ അദ്ദേഹത്തെ വേദിക്ക് മുന്നില്‍ ഇരുത്തി. തുടര്‍ന്ന് വി.എസിനായി വേദിയും സദസ്സും കാത്തിരുന്നു. ഒടുവില്‍ സഹായിയുടെ കൈപിടിച്ച് കടന്നുവന്ന വി.എസ് സദസ്സിന് നേരെ കൈചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചു. ആദരവ് ഏറ്റുവാങ്ങിയ വി.എസിനെ കൈള്‍ കൂട്ടിപ്പിടിച്ച് ശങ്കരയ്യയും അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.