‘ആരോഗ്യ മന്ത്രീ, ഇത് ഉപ്പയില്ലാത്ത കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗികാക്രമണത്തിെൻറ വിഷയമാണ്’
text_fieldsപാലക്കാട്: പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ ബി.ജെ.പി നേതാവുകൂടിയായ അധ്യാപകൻ പീഡിപ്പിച്ച കേസിലെ പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി വി.ടി ബൽറാം എം.എൽ.എ. പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്തുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പൊലീസ് കോടതിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതര ആക്ഷേപം ഉയർന്നിട്ടുണ്ട്. വാളയാറിെൻറ വഴിയേയാണ് പാലത്തായി കേസും പോയിക്കൊണ്ടിരിക്കുന്നത്. ദുർബലമായ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമിക ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും കെ.കെ. ശൈലജ ഏറ്റെടുക്കണമെന്നും വി.ടി ബൽറാം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
വാളയാറിെൻറ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയർന്നു വരികയാണ്.
വിദ്യാർത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാർത്തകൾ. താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാൽ വർദ്ധിക്കുകയാണ്.
പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ വരെ കോൾ ലിസ്റ്റ് ഇപ്പോൾ വിശദവാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോൾലിസ്റ്റ് സംഘടിപ്പിക്കാൻ പിണറായി വിജയൻ്റെ പോലീസിന് കഴിയാതെ പോകുന്നത്!!
ബിജെപി നേതാക്കൾ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലീസ് തലങ്ങളിൽ ഉണ്ടായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെൺകുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിൻ്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. പിന്നീട് പോലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാൻ കഴിയുന്നത്.
ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി K K Shailaja Teacher ടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായെ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങൾ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.