Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right'ക്യാപ്റ്റനായും...

'ക്യാപ്റ്റനായും ക്രൈസിസ് മാനേജരായും വാഴ്ത്തപ്പെട്ടിരുന്നയാൾ ഇന്ന് അണികൾക്ക് പോലും വെറും ആർ.എസ്.എസിന്‍റെ 'ദാസപ്പ'നാണ്'

text_fields
bookmark_border
ക്യാപ്റ്റനായും ക്രൈസിസ് മാനേജരായും വാഴ്ത്തപ്പെട്ടിരുന്നയാൾ ഇന്ന് അണികൾക്ക് പോലും വെറും ആർ.എസ്.എസിന്‍റെ ദാസപ്പനാണ്
cancel

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപ്രീതി റേറ്റിങ് കുത്തനെ ഇടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഒരു കാലത്ത് 'ക്യാപ്റ്റനാ'യും 'ക്രൈസിസ് മാനേജരാ'യുമൊക്കെ വാഴ്ത്തപ്പെട്ടിരുന്നയാൾ ഇന്ന് സ്വന്തം അണികൾക്ക് പോലും വെറും ആർ.എസ്.എസിന്‍റെ 'ദാസപ്പ'നാണ്. വഴിയേ പോകുന്നവരും പാർട്ടി കോലായിൽ കിടക്കുന്ന സ്വതന്ത്രന്മാരുമൊക്കെ എടുത്തിട്ടലക്കുന്ന സഹതാപാർഹമായ അവസ്ഥയാണ് ആ പഴയ 'ഇരട്ടച്ചങ്ക'ന്‍റേതെന്നും ബൽറാം പരിഹസിച്ചു.

അമേരിക്കൻ പ്രസിഡന്‍റ് അടക്കമുള്ള ജനാധിപത്യ ലോകത്തെ പല ഭരണാധികാരികളേക്കുറിച്ചും അന്നാട്ടിലെ വിശ്വാസ യോഗ്യമായ സ്ഥാപനങ്ങൾ പതിവായി ജനപ്രീതി റേറ്റിംഗുകൾ പുറത്തിറക്കാറുണ്ട്. കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പ് പ്രളയം, കോവിഡ് അവസരങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രൂവൽ റേറ്റിംഗ് വളരെ ഉയർന്നാണ് നിന്നിരുന്നത്. എന്നാൽ ഇന്ന് സത്യസന്ധമായ രീതിയിൽ ഒരു അപ്രൂവൽ റേറ്റിംഗ് നടത്തിയാൽ മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും പിണറായി വിജയന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഏവർക്കും അറിയാം. 2025ൽ പഞ്ചായത്ത് ഇലക്ഷനും 2026ൽ നിയമസഭാ ഇലക്ഷനും നടക്കാനിരിക്കുന്ന കേരളത്തിൽ പിണറായി വിജയനെ നേതൃത്വത്തിൽ വച്ച് തന്നെ സി.പി.എം മുന്നോട്ടു പോകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു -ബൽറാം സോഷ്യൽമീഡിയ കുറിപ്പിൽ പറഞ്ഞു.

വി.ടി. ബൽറാമിന്‍റെ പോസ്റ്റ് വായിക്കാം...

അമേരിക്കൻ പ്രസിഡന്‍റ് അടക്കമുള്ള ജനാധിപത്യ ലോകത്തെ പല ഭരണാധികാരികളേക്കുറിച്ചും അന്നാട്ടിലെ വിശ്വാസ യോഗ്യമായ സ്ഥാപനങ്ങൾ പതിവായി ജനപ്രീതി റേറ്റിംഗുകൾ (Approval Ratings) പുറത്തിറക്കാറുണ്ട്. ദിവസേനയുള്ള ജനപ്രീതി റിപ്പോർട്ടുകൾ തൊട്ട് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലൊരിക്കലോ ഒക്കെയാണ് ഇങ്ങനെ റേറ്റിംഗുകൾ പുറത്തിറക്കാറുള്ളത്. പ്രസിഡണ്ടിന്റെ പൊതുവിലുള്ള പെർഫോമൻസ് മുതൽ സമ്പദ് വ്യവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുന്നു, വിദേശ നയം എങ്ങനെ, സാമൂഹ്യ വിഷയങ്ങളിലെ ഇടപെടൽ, ഇമിഗ്രേഷൻ നയം, ആരോഗ്യ രംഗത്തെ ഇടപെടൽ എന്നിങ്ങനെ രാജ്യത്തേയും ജനങ്ങളേയും ബാധിക്കുന്ന വിവിധ വിഷയങ്ങളിലെ ജനാഭിപ്രായം ശാസ്ത്രീയ ടൂളുകൾ വച്ച് വിലയിരുത്തിയാണ് അപ്രൂവൽ റേറ്റിംഗ് തയ്യാറാക്കുന്നത്. പറയുന്ന കാര്യങ്ങളിലെ സത്യസന്ധത, ആരോപണങ്ങളോടുള്ള പ്രതികരണം എന്നിങ്ങനെ പ്രസിഡണ്ടിന്റെ വ്യക്തിത്വ സംബന്ധിയായ കാര്യങ്ങളും റേറ്റിംഗിനെ സ്വാധീനിക്കും.
Gallup എന്ന സംഘടന 1930കൾ മുതൽ അമേരിക്കൻ പ്രസിഡണ്ടുമാരുടെ അപ്രൂവൽ റേറ്റിംഗ് നടത്തി വരുന്നു. ആഴ്ചയിലൊരിക്കൽ വീതമാണ് അവരുടെ റേറ്റിംഗ്. Pew Research Centre ആവട്ടെ വളരെ ആഴത്തിലുള്ള രാഷ്ട്രീയ, സാമൂഹിക ഗവേഷണത്തിന്റെ ഭാഗമായാണ് റേറ്റിംഗ് നടത്തുന്നത്. മാസത്തിലൊരിക്കൽ വീതമാണ് ഇവരുടെ റേറ്റിംഗ്. Rasmussen Reports ദിവസേന പ്രസിഡൻഷ്യൽ റേറ്റിംഗ് പുറത്തുവിടും. ഇങ്ങനെ വിവിധ സ്ഥാപനങ്ങളുടെ റേറ്റിംഗുകളുടെ ശരാശരിയാണ് FiveThirtyEight എന്ന സംഘടന നിശ്ചിത ഇടവേളകളിൽ പുറത്തിറക്കാറുള്ളത്. യു.കെ., കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിങ്ങനെ വിവിധ ജനാധിപത്യ രാജ്യങ്ങളിലും ഇങ്ങനെ സ്ഥിരമായി ഭരണാധികാരികളുടെ അപ്രൂവൽ റേറ്റിംഗുകൾ നടത്തപ്പെടാറുണ്ട്.


ഇന്ത്യയിൽ CVoter, Lokniti(CSDS), IndiaToday-Axis എന്നിങ്ങനെയുള്ള പല ഏജൻസികൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അപ്രൂവൽ റേറ്റിംഗ് പുറത്തുവിടാറുണ്ട് എങ്കിലും പലതും ഗോദി മീഡിയയുടെ ഭാഗമായതിനാൽ വേണ്ടത്ര വിശ്വാസയോഗ്യമായി കണക്കിലെടുക്കപ്പെടാറില്ല. ഇലക്ഷൻ സമയമടുപ്പിച്ചാണ് ഇത്തരം റേറ്റിംഗുകൾ കാര്യമായി ചർച്ച ചെയ്യപ്പെടാറുള്ളത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ റേറ്റിംഗുകളും ചർച്ച ചെയ്യപ്പെടാറുണ്ട്. കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പ് പ്രളയം, കോവിഡ് അവസരങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രൂവൽ റേറ്റിംഗ് വളരെ ഉയർന്നാണ് നിന്നിരുന്നത്.


എന്നാൽ ഇന്ന് സത്യസന്ധമായ രീതിയിൽ ഒരു അപ്രൂവൽ റേറ്റിംഗ് നടത്തിയാൽ മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും പിണറായി വിജയന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഏവർക്കും അറിയാം. ഒരു കാലത്ത് 'ക്യാപ്റ്റനാ'യും 'ക്രൈസിസ് മാനേജരാ'യുമൊക്കെ വാഴ്ത്തപ്പെട്ടിരുന്നയാൾ ഇന്ന് സ്വന്തം അണികൾക്ക് പോലും വെറും ആർഎസ്എസിന്റെ 'ദാസപ്പ'നാണ്. വഴിയേ പോകുന്നവരും പാർട്ടി കോലായിൽ കിടക്കുന്ന സ്വതന്ത്രന്മാരുമൊക്കെ എടുത്തിട്ടലക്കുന്ന സഹതാപാർഹമായ അവസ്ഥയാണ് ആ പഴയ 'ഇരട്ടച്ചങ്ക'ൻ്റേത്.
നിലവിലെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വീണ്ടും പ്രസിഡണ്ടായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇടക്കുവച്ച് പിന്തിരിഞ്ഞത് അനാരോഗ്യം കൊണ്ട് മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ അപ്രൂവൽ റേറ്റിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ രീതിയിൽ ഇടിഞ്ഞത് കൊണ്ടു കൂടിയായിരുന്നു. വെറും 30%ത്തിനടുത്ത് മാത്രം റേറ്റിംഗുള്ള ഒരു പ്രസിഡണ്ടിനെ വച്ച് വീണ്ടും ഇലക്ഷനെ നേരിട്ടാൽ തോറ്റ് തുന്നംപാടുമെന്ന് ഡമോക്രാറ്റിക് പാർട്ടി പ്രതിനിധികൾക്ക് തോന്നിയതുകൊണ്ടാണ് പിന്തിരിയാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായത്.
2025ൽ പഞ്ചായത്ത് ഇലക്ഷനും 2026 ൽ നിയമസഭാ ഇലക്ഷനും നടക്കാനിരിക്കുന്ന കേരളത്തിൽ പിണറായി വിജയനേ നേതൃത്വത്തിൽ വച്ച് തന്നെ സിപിഎം മുന്നോട്ടു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramPinarayi Vijayan
News Summary - VT Balram facebook post slams pinarayi vijayan
Next Story