കന്നിയങ്കത്തിന് പ്രിയങ്ക
text_fieldsകൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിന് അരങ്ങൊരുങ്ങി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴ് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വയനാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തങ്ങൾ അടുത്ത ദിവസങ്ങളിൽ സജീവമാകും. പ്രിയങ്കയുടെ സ്ഥാനാർഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എൽ.ഡി.എഫിലും എൻ.ഡി.എയിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടു സ്ഥലത്തും ജയിച്ചതിനെതുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തിയിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐയുടെ സീറ്റായ വയനാട്ടിൽ കഴിഞ്ഞ തവണ മത്സരിച്ച ആനി രാജ വീണ്ടും മത്സരിക്കുന്നില്ലെന്ന് ഏകദേശം തീരുമാനമായിട്ടുണ്ട്.
നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ സഖ്യമെന്ന നിലയിൽ ഇൻഡ്യ മുന്നണിയിലെ ശക്തയായ നേതാവിനെതിരെ ദേശീയ നേതാവിനെ ഇറക്കാൻ ഇടതുപക്ഷം തയാറാകില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽനിന്നുള്ള ആരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇ.എസ്. ബിജിമോൾ, നേരത്തേ മണ്ഡലത്തിൽ മത്സരിച്ച സത്യൻ മൊകേരി ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. ജയിക്കാൻ സാധ്യത ഒട്ടുമില്ലാത്ത മണ്ഡലത്തിൽ മത്സരിക്കാൻ പലരും താൽപര്യപ്പെടുന്നുമില്ല.
മണ്ഡലത്തിനു പുറത്തുനിന്നാരും മത്സരിക്കുന്നില്ലെങ്കിൽ തങ്ങളെ പരിഗണിക്കണമെന്ന ആവശ്യം വയനാട്ടിലെ ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുക്കത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിൽ അവസാന തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. എൻ.ഡി.എയിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് വിവരം. പാലക്കാട് മത്സരസാധ്യത ഏതാണ്ട് അടഞ്ഞതിനെതുടർന്ന് ശോഭാ സുരേന്ദ്രന്റെ പേര് കൂടാതെ എം.ടി. രമേശിന്റെ പേരും ഒരുവിഭാഗം ഉയർത്തിക്കാണിക്കുന്നുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള കൺവെൻഷനുകൾ ഉൾപ്പെടെ നടത്തിക്കഴിഞ്ഞു. ഓരോ മണ്ഡലത്തിലേക്കും ഏഴു തെരഞ്ഞെടുപ്പ് നിരീക്ഷകരെയും നിയമിച്ച് കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എം.പിമാരായ എം.കെ. രാഘവൻ (തിരുവമ്പാടി), രാജ്മോഹൻ ഉണ്ണിത്തൻ (കൽപറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ കുര്യാക്കോസ് (ബത്തേരി), ഹൈബി ഈഡൻ (വണ്ടൂർ), എം.എൽ.എമാരായ സണ്ണി ജോസഫ് (മാനന്തവാടി), സി.ആർ. മഹേഷ് (ഏറനാട്) എന്നിങ്ങനെയാണ് ചുമതല നൽകിയിരിക്കുന്നത്.
നേരത്തേ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എ.പി. അനിൽകുമാർ തന്നെയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. രാഹുൽ ഗാന്ധിക്കു കഴിഞ്ഞ തവണ ലഭിച്ച മൂന്നര ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം ഭൂരിപക്ഷം നൽകി പ്രിയങ്കയെ പാർലമന്റെിലെത്തിക്കുന്നമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില
- രാഹുൽ ഗാന്ധി (കോൺഗ്രസ്) 6,47,445
- ആനിരാജ (സി.പി.ഐ) 2,83,023
- കെ. സുരേന്ദ്രൻ (ബി.ജെ.പി) 1,41045
- നോട്ട 6999
- രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3,64,422
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.