വഹാബിെൻറ നിലപാടിൽ യൂത്ത് ലീഗിന് രോഷം
text_fieldsമലപ്പുറം: രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോൾ മുസ്ലിം ലീഗിെൻറ ഏക രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ വിമർശനം. വയ്യെങ്കിൽ മാറിനിൽക്കാൻ അദ്ദേഹത്തോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങൾ ആവശ്യപ്പെട്ടത് അണികളുടെ വികാരം കൂടി ഉൾക്കൊണ്ടാണ്.
മുത്തലാഖ് ബിൽ ചർച്ചചെയ്യുമ്പോൾ വഹാബ് രാജ്യസഭയിൽ ഹാജരില്ലാത്തതാണ് മുഈനലി ശിഹാബ് തങ്ങളെ പരസ്യപ്രസ്താവനക്ക് പ്രേരിപ്പിച്ചത്. എതിർത്ത് വോട്ട് ചെയ്തെങ്കിലും പാർട്ടി നിലപാട് വ്യക്തമായി പറയാനുള്ള അവസരമാണ് എം.പി നഷ്ടപ്പെടുത്തിയതെന്ന് പ്രവർത്തകർക്കിടയിലും അഭിപ്രായമുണ്ട്. ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അമിതാധികാരം നൽകുന്ന ബില്ലിനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് രണ്ടാഴ്ച മുമ്പ് ലീഗ് ദേശീയ ട്രഷറർ കൂടിയായ വഹാബ് പറഞ്ഞത്. വിഷയത്തിൽ ഇടത് എം.പിമാർ ശക്തമായ നിലപാടെടുത്തപ്പോഴാണ് ലീഗ് രാജ്യസഭാംഗത്തിെൻറ ഇൗ പ്രസ്താവന.
ഒന്നാം മോദി സർക്കാറിെൻറ കാലത്ത് മുത്തലാഖ് ബിൽ ലോക്സഭയിൽ വോട്ടിനിട്ടപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി ഹാജരില്ലാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഈ വീഴ്ച തിരുത്തുന്ന തരത്തിലുള്ള പ്രകടനം സാമ്പത്തിക സംവരണ വിഷയത്തിലടക്കം ലീഗ് ലോക്സഭാംഗങ്ങൾ കാഴ്ചവെച്ചു. യു.എ.പി.എ ഭേദഗതി, മുത്തലാഖ് ബില്ലുകൾക്കെതിരെയും കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും കൃത്യമായ നിലപാട് സ്വീകരിച്ചു. മറ്റൊരു ലോക്സഭാംഗം നവാസ് ഗനിയും വോട്ടെടുപ്പിലുൾപ്പെടെ പങ്കെടുത്തു.
വിമാനം വൈകിയതിനാൽ രണ്ടുവർഷം മുമ്പ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാൻ സാധിച്ചില്ല. ജാഗ്രതക്കുറവുണ്ടായതായി അന്നും വിമർശനമുയർന്നു.
വഹാബിനെ വീണ്ടും എം.പിയാക്കുന്നതിനെതിരെ മുമ്പ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യസഭ സീറ്റ് സേവനപാരമ്പര്യവും അച്ചടക്കവുമുള്ള നേതാക്കള്‍ക്ക് നൽകണമെന്നും നേരേത്ത ഒരു മുതലാളിക്ക് ആ സ്ഥാനം നല്കിയപ്പോള് പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും തീരുമാനം മുഹമ്മദലി ശിഹാബ് തങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നുമാണ് മുനവ്വറലി തങ്ങൾ പറഞ്ഞത്.
വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു. നാല് വർഷത്തിനുശേഷം പാണക്കാട് കുടുംബത്തിൽനിന്നുതന്നെ വഹാബിനെതിരെ വീണ്ടും വിമർശനമുയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.