കേരളം മാറിച്ചിന്തിച്ചത് എന്തുകൊണ്ട്?
text_fieldsകേരളവും തമിഴ്നാടുമടക്കമുള്ള തെക്കൻ തുരുത്തുകളൊഴികെ രാജ്യമെ മ്പാടും മോദിയുടെ അതിതീവ്ര ഹിന്ദുത്വം വൻ മുന്നേറ്റം നടത്തിയപ്പോഴും കേ രളം മാറിച്ചിന്തിച്ചത് എന്തുകൊണ്ടാണ്? ഇടതുപക്ഷത്തിെൻറ ശക്തമായ സ് വാധീനമുള്ളതുകൊണ്ടാണ് എന്ന് ഒരു വാദം. അതല്ല, നവോത്ഥാന ആശയങ്ങൾക്ക ് വേരോട്ടമുള്ളതുകൊണ്ടാണെന്ന് മറ്റൊരു വ്യാഖ്യാനം. ഇതൊന്നുമല്ല, ന്യൂന പക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യാനുപാതമാണെന്ന പ്രബല വാദവുമുണ് ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും സാംസ്കാരിക കൂട്ട ായ്മകളും സന്നദ്ധപ്രവർത്തകരുമെല്ലാം കാലങ്ങളായി മുന്നോട്ടുവെക് കുന്ന ഒരു രാഷ്ട്രീയമുണ്ട്.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിെൻറ ഒരന്തരീക്ഷവും ചേർന്നു രൂപപ്പെട്ട ഒരു പരിസരം ജനസാമാന്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയാവബോധമാണ് മോദി വിരുദ്ധ തരംഗം സൃഷ്ടിച്ചത് എന്ന് സാമാന്യമായി പറയാമെന്ന് തോന്നുന്നു. ഇങ്ങനെ ഒരു തരംഗം കേരളത്തിൽ പ്രകടമായി നിലനിൽക്കുന്നുണ്ട് എന്ന് കേരള സർവകലാശാല രാഷ്ട്രീയ മീമാംസ വിഭാഗം നടത്തിയ പല സർവേകളിലും ബോധ്യപ്പെട്ടതാണ്. ദേശീയ തരംഗത്തിെൻറ വിപരീതദിശയിൽ സഞ്ചരിക്കുന്നത് മലയാളിയുടെ രാഷ്ട്രീയ പ്രകൃതമാണ് എന്ന വിലയിരുത്തലുകളും കാണാനിടയായി. അടിയന്തരാവസ്ഥാനന്തര തെരഞ്ഞെടുപ്പിലുള്ള കേരളത്തിെൻറ നിലപാട് ഉദാഹരിച്ചാണ് ഈ വാദം മുന്നോട്ടുവെക്കുന്നത്. മോദിപ്പേടിയിൽ ന്യൂനപക്ഷ വോട്ടിെൻറ ഏകീകരണമുണ്ടായതുകൊണ്ടുമാത്രമാണ് യു.ഡി.എഫിന് ഈ വിജയമുണ്ടായത് എന്ന വിലയിരുത്തൽ ഒരു അരാഷ്ട്രീയ ന്യൂനീകരണമാണെന്ന് പറയാതെ വയ്യ. പൊതുവെ രാഷ്ട്രീയ അവബോധവും സാമാന്യജ്ഞാനവും മലയാളിയെ മാറിച്ചിന്തിപ്പിക്കുന്നു എന്ന വാദത്തിെൻറ പശ്ചാത്തലത്തിലാണ് യു.ഡി.എഫിെൻറ തിളക്കമാർന്ന വിജയം വിലയിരുത്തപ്പെടേണ്ടത്.
ഈ വിജയം പൊളിറ്റിക്കൽ ആണോ എന്നത് ഈ പശ്ചാത്തലത്തിൽ ഉയരുന്ന സുപ്രധാന ചോദ്യമാണ്. അവസരങ്ങളുടെ ഗുണഭോക്താവാകുക എന്നതിലുപരി വിജയം രാഷ്ട്രീയമാക്കുക എന്നിടത്താണ് ഒരു പാർട്ടിയുടെ ഭാവി രാഷ്ട്രീയം സുരക്ഷിതമാണോ എന്ന് നിശ്ചയിക്കുന്നത്. ഇവിടെ മോദി വിരുദ്ധത ഒരു തരംഗംപോലെയുണ്ട്; ഒപ്പം പിണറായിയോടുള്ള അനിഷ്ടവും. ഇതൊരു നെഗറ്റിവ് വോട്ടാണ്. അത് യു.ഡി.എഫിന് ഗുണമായി ഭവിച്ചു. ഇതിൽനിന്ന് ഒരു രാഷ്ട്രീയം രൂപപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യമുന്നണിക്ക് കഴിയുമോ? എങ്കിൽ മാത്രമേ അത് കേരളത്തിനും കോൺഗ്രസ് പാർട്ടിക്കും ഗുണകരമാവുകയുള്ളൂ.
സംഘ് ദേശീയതയും തീവ്രവികാരങ്ങളും അതിെൻറ മൃദുലഭാവങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഒരു അവസരവാദ രാഷ്ട്രീയത്തിന് ഒരുപക്ഷേ, താൽക്കാലിക നേട്ടം സമ്മാനിക്കാനാവുമായിരിക്കാം. ഈ തിരിച്ചറിവ് മറ്റാരെക്കാളും കോൺഗ്രസ് പാർട്ടിക്കാണ് ഉണ്ടാവേണ്ടത്. കാരണം, നടേ പറഞ്ഞ രാഷ്ട്രീയ വിദ്യാഭ്യാസം കേരളത്തിെൻറ മതനിരപേക്ഷ മനസ്സിനെയാണ് സംബോധന ചെയ്തതും സ്വാധീനിച്ചതും. ഇതിന് സമാന്തരമായി മറ്റൊരു വിദ്യാപീഠം കൂടി ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അത് സംഘ്പരിവാർ പാoശാലയാണ്. അവർക്ക് വ്യക്തമായ രാഷ്ട്രീയവുമുണ്ട്; അവരെ പിന്തുണക്കുന്നവർക്കും. ഹിന്ദുത്വയിൽനിന്ന് തീവ്രഹിന്ദുത്വയിലേക്ക് നമ്മുടെ നാടിെൻറ ഉത്തരദേശം സഞ്ചരിച്ചെത്തിക്കഴിഞ്ഞു.
കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ വേരുപിടിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പടിപടിയായി മുന്നോട്ടു കൊണ്ടുപോകാൻ പരിവാർ ശക്തികൾക്ക് കഴിയുന്നുണ്ട്. കാരണം, അവരുടേത് തെറ്റായാലും ശരിയായാലും വ്യക്തതയുള്ള ഒരു രാഷ്്ട്രീയമാണ്. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന സിദ്ധാന്തത്തെ മാത്രം ആശ്രയിച്ചാൽ നാളെ ഈ അവസരം കേരളത്തിൽ സംഘ്പരിവാറിന് അനുകൂലമാകാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട് എന്ന ബോധ്യം ജയിച്ചുനിൽക്കുന്ന കോൺഗ്രസ് പാർട്ടിക്കാണ് വേണ്ടത്. കേരളത്തിലെ കോൺഗ്രസ്, തങ്ങളുടെ രാഷ്ട്രീയമെന്ത് എന്ന് ഇനിയും തങ്ങൾക്ക് വോട്ടു ചെയ്തവരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇടതുപക്ഷത്തെ മുഖ്യ പാർട്ടിയായ സി.പി.എം ഹിന്ദു മണ്ഡലത്തെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും അവിടേക്ക് കടന്നുകയറിയാൽ മാത്രമേ പരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ സാധ്യതയുള്ളൂ എന്നും ഹിന്ദുത്വ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
വിശ്വാസസംരക്ഷണത്തിെൻറ പേരിൽ തെക്കൻ കേരളത്തിലെ സ്ത്രീവോട്ടർമാരെ സ്വാധീനിക്കാൻ സ്വാമി ചിദാനന്ദപുരിയടക്കമുള്ള ആചാര സംരക്ഷകരെ രംഗത്തിറക്കി എല്ലാ തന്ത്രവും പയറ്റിയതാണ്. പക്ഷേ, ഇത്തവണ അതിെൻറ ഫലം കൂടുതൽ ലഭിച്ചത് കോൺഗ്രസിനാണ്. വടക്കൻ മലബാറിൽ സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചത് മറ്റൊരു ഘടകമായിരുന്നു. അത് അക്രമ രാഷ്ട്രീയത്തോടുള്ള വിസമ്മതമാണ്. അരിയിൽ ശുക്കൂർ മുതലുള്ള കൊലപാതക പരമ്പരയിൽ പ്രതിക്കൂട്ടിൽ നിന്നവരോടുള്ള വിയോജിപ്പ് ഏറ്റവും ശക്തമായി പ്രകടമായത് സ്ത്രീ വോട്ടർമാരിലാണ്.
പെരിയ കൊലപാതകത്തിൽ ചങ്കുപൊട്ടിക്കരയുന്ന മുല്ലപ്പള്ളിയുടെ ചിത്രം ഒരു പക്ഷേ, മായാതെ നിന്നത് സ്ത്രീ മനസ്സുകളിലായിരിക്കും. ഇവിടെയാണ് സി.പി.എം ഒരു പുനരാലോചന നടത്തേണ്ടത്. പാർട്ടി ശരിയാണ് എന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാം. പക്ഷേ, പാർട്ടി മാത്രമാണ് ശരി എന്ന നിലപാട് ഫാഷിസമാണ് അഥവാ മോദിസമാണ്. വിയോജിക്കാനും വിസമ്മതിക്കാനുമുള്ള ഇടം അനുവദിച്ചില്ലെങ്കിൽ അവിടെ ജനാധിപത്യം മരിക്കുന്നു. മതേതരത്വവും ജനാധിപത്യവും പരസ്പരാശ്രിതത്വത്തിൽ നിലനിൽക്കുന്ന രണ്ടു സങ്കൽപങ്ങളാണ്. ഇത് രണ്ടിനും ഒരുപോലെ ഇടം അനുവദിച്ചില്ലെങ്കിൽ അവിടെ ഫാഷിസം മാത്രമേ വിളയുകയുള്ളൂ.
ഇടതു മുന്നണി രാഷ്ട്രീയത്തിനും കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യമുന്നണിക്കും ഒരുപോലെ പാഠമാകേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യ സംവിധാനത്തിൽ ജനഹിതം എപ്പോഴും രാഷ്ട്രീയാവബോധത്താൽ രൂപപ്പെടുന്നതായിരിക്കണം. അതിനപ്പുറം വൈകാരികതയിലും അവസരവാദത്തിലും നിർമിച്ചെടുത്താൽ അത് രാഷ്ട്രീയമാവിെല്ലന്ന് മാത്രമല്ല, ആ നേട്ടം ക്ഷണികവുമായിരിക്കും. രാഷ്ട്രീയ ഇന്ത്യ മരിച്ചപ്പോഴും രാഷ്ട്രീയ കേരളം ഉണർന്നിരിക്കുന്നതിെൻറ പൊരുൾ ഇരു മുന്നണികളും യാഥാർഥ്യബോധത്തോടെ ഉൾക്കൊണ്ടില്ലെങ്കിൽ അവസാന ചിരി ചിരിക്കുന്നത് തീവ്രഹിന്ദുത്വമായിരിക്കും എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് നൽകുന്ന പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.