യെച്ചൂരിക്കെതിരായ കൈയേറ്റം: ദേശീയ തലത്തിൽ സംഘ്പരിവാർ വിരുദ്ധ ആയുധമാക്കാൻ സി.പി.എം
text_fieldsന്യൂഡൽഹി: ഹിന്ദുത്വവാദികൾ എ.കെ.ജി ഭവനിൽ അതിക്രമിച്ച് കയറുകയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈേയറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയം ദേശീയതലത്തിൽ സംഘ്പരിവാറിന് എതിരെ പ്രചാരണ വിഷയമാക്കാൻ സി.പി.എം. അതേസമയം, ആർ.എസ്.എസിന് എതിരായ പ്രചാരണം കേരളത്തിൽ സംഘർഷത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്ന് പി.ബി സംസ്ഥാന ഘടകത്തെ ജാഗ്രതപ്പെടുത്തുകയും ചെയ്തു.
സംഘ്പരിവാറിെൻറ ഹിന്ദുത്വ നയങ്ങൾക്ക് എതിരെ ദേശീയതല പോരാട്ടങ്ങൾക്ക് ശക്തികൂട്ടാൻ രാഷ്ട്രീയ, സൈദ്ധാന്തിക തലങ്ങളിൽ ഇൗ സംഭവം ഉപയോഗിക്കാനാണുദ്ദേശിക്കുന്നത്. ഇതിെൻറ പ്രവർത്തനം കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇതിനകംതന്നെ ആരംഭിച്ചു. പ്രതിഷേധ പ്രകടനങ്ങൾക്ക് അപ്പുറമുള്ള ചില നീക്കങ്ങളാണ് പാർട്ടി നടത്തുക. ഇതിെൻറ ഭാഗമായി ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശവും അടിച്ചമർത്തുന്ന ഹിന്ദുത്വ പ്രവണതയെ തുറന്നുകാട്ടും. പൊതുയോഗങ്ങളിലും ലേഖനങ്ങളിലൂടെയും പൊതുസമൂഹത്തിൽ സംഘ്പരിവാറിനെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രചാരണങ്ങൾ സംഘർഷപാതയിലേക്ക് മാറരുതെന്ന കർശന നിർദേശവും പി.ബി നൽകിയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പല ജില്ലകളിലും പ്രതിഷേധം സംഘർഷത്തിൽ എത്തിയ സാഹചര്യത്തിലാണിത്. ബംഗാളിൽ തൃണമൂൽ സർക്കാറിന് എതിരായ സമര പരമ്പരകളിലാണ് സി.പി.എം ശ്രദ്ധയെങ്കിലും പ്രധാന പ്രതിപക്ഷമാകാനുള്ള ബി.ജെ.പി ശ്രമത്തെ ചെറുക്കാനുള്ള പോരാട്ടത്തിൽ ഇതും ആയുധമാവും.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയിൽ ബി.ജെ.പിയുമായുള്ള മത്സരത്തെ ദേശീയതലത്തിലുള്ള രാഷ്ട്രീയ പോരാട്ടമായാണ് കഴിഞ്ഞ ദിവസം സമാപിച്ച പി.ബി വിലയിരുത്തിയത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പരസ്പരം സംഘർഷം സൃഷ്ടിച്ചാണ് ബി.ജെ.പി വേരോട്ടം ഉണ്ടാക്കുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വീണുകിട്ടിയ വിഷയം േപാരാട്ടത്തിന് കരുത്ത് നൽകുമെന്നും കരുതുന്നു. ഉത്തരേന്ത്യ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും ഇൗ നിലപാടിലാവും മുന്നോട്ട് പോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.