വേങ്ങര: ലീഗ് സാധ്യതയിൽ ഒന്നാമൻ പി.കെ. ഫിറോസ്
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതിനെ തുടർന്ന് ഒഴിവ് വന്ന വേങ്ങര നിയമസഭ മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ അനൗദ്യോഗിക ചർച്ചകൾ തുടരുന്നു. സുരക്ഷിത മണ്ഡലമായ വേങ്ങരയിൽ കണ്ണുനട്ട് അരഡസനിലേറെ പേർ രംഗത്തുണ്ടെങ്കിലും നിയമസഭയിൽ പാർട്ടിക്ക് മുതൽക്കൂട്ടാവുന്നയാൾ വേണമെന്ന അഭിപ്രായത്തിനാണ് മുന്തിയ പരിഗണന.
പോഷക സംഘടനകളുടെയുൾപ്പെടെ മുതിർന്ന നേതാക്കൾ സീറ്റ് മോഹിച്ചിരിക്കവെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് പിന്തുണ കൂടി വരികയാണ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മുൻ താനൂർ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ തുടങ്ങിയവരുടെ പേർ ലോക്സഭ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വേങ്ങരയിലേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മജീദ്. കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക് മാറിയതോടെ പാർട്ടി സംസ്ഥാന കമ്മിറ്റിയിലും യു.ഡി.എഫിലും വലിയ ഉത്തരവാദിത്തം ഇപ്പഴേ മജീദിനുണ്ട്.
മുനീറിനെ നിയമസഭ കക്ഷി നേതാവാക്കിയത് മജീദ് മത്സരരംഗത്തുണ്ടാവില്ലെന്നതിെൻറ സൂചനയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട താനൂർ മണ്ഡലത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രണ്ടത്താണിയോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തിരൂരിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശിഹാബ് തങ്ങള്‍ കോ-ഓപറേറ്റീവ് മള്‍ട്ടി സൂപര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ ചുമതലയും ഏൽപ്പിച്ചിരിക്കുന്നത് ഇദ്ദേഹത്തെയാണ്. കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ പി.കെ. അസ്ലുവിെൻറ പേര് പ്രാദേശികമായി ഉയരുന്നുണ്ട്. കെ.എം.സി.സിയുടെ ചില നേതാക്കളും രംഗത്തുണ്ടെങ്കിലും യുവാക്കൾ വരട്ടെയെന്ന കുഞ്ഞാലിക്കുട്ടിയുടെയടക്കം താൽപര്യം തിരിച്ചടിയാവും. ഫിറോസിെൻറയും പി.എം. സാദിഖലിയുടെയും പേരാണ് യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇതിൽ ഫിറോസിന് തന്നെയാണ് മുൻതൂക്കം. ഫിറോസിനെ നിയമസഭയിലേക്കയച്ച് സാദിഖലിയെ യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ചർച്ചകൾ നടക്കുന്നത്. മുമ്പ് ഫിറോസിനോട് സമസ്തക്ക് എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി മാറിയെന്നുമാത്രമല്ല സമസ്തയുൾപ്പെടെ വിവിധ സംഘടനകൾക്ക് ഏറെ സ്വീകാര്യനായിട്ടുണ്ട് ഇദ്ദേഹം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും 38000ൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് ജയിച്ചത്. ലോക്സഭയിലേക്ക് 40,529 വോട്ട് ലീഡും ലഭിച്ചു. ഇതേ ഭൂരിപക്ഷം നിലനിർത്തുക ലീഗിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം കൂടിയാണ്. ലോക്സഭ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇടതുനേതാക്കൾ നടത്തിയ വർഗീയ ധ്രുവീകരണ ആരോപണങ്ങൾക്ക് തിരിച്ചടി നൽകാൻ തക്ക സ്ഥാനാർഥി വേണമെന്ന നിലപാടിലേക്ക് യു.ഡി.എഫ് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.