കുഞ്ഞനുജത്തിക്ക് നോബ്ൾ സ്കൂളിലെ കൂട്ടുകാരുടെ സ്നേഹറിയാൽ
text_fieldsദോഹ: കുഞ്ഞനുജത്തിയുടെ ജീവൻ രക്ഷിക്കാൻ സ്നേഹത്തുട്ടുകൾ ചേർത്തുവെച്ച് നോബ്ൾ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ചത് 68,836 റിയാൽ. എസ്.എം.എ ടൈപ് വൺ എന്ന ഗുരുതര രോഗത്തിനുള്ള മരുന്നിനായി കാത്തിരിക്കുന്ന അഞ്ചുമാസമുള്ള മൽഖ റൂഹിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി ഖത്തർ ചാരിറ്റി നേതൃത്വത്തിൽ നടന്ന ഫണ്ട് സമാഹരണത്തിലേക്കാണ് തങ്ങളുടെ കൂടി സംഭവനകൾ ചേർത്ത് സ്കൂൾ വിദ്യാർഥികൾ കൈമാറിയത്. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ നോവായി മാറിയ കുഞ്ഞു മൽഖക്ക് മരുന്നെത്തിക്കാൻ നാടൊന്നാകെ അണിനിരന്നപ്പോൾ, അധികൃതരുടെ അനുമതിയോടെ നോബ്ൾ സ്കൂൾ മാനേജ്മെന്റും പങ്കുചേരുകയായിരുന്നു. ഖത്തർ ചാരിറ്റിയിലും, വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള സമ്മതപത്രവും വാങ്ങിയ ശേഷമാണ് മേയ് 15 വരെയായി സ്കൂൾ വിദ്യാർഥികൾക്കിടയിൽ ധനശേഖരണത്തിന് തുടക്കം കുറിച്ചത്.
വിദ്യാർഥികൾ വഴി രക്ഷിതാക്കൾക്ക് ധനശേഖരണം സംബന്ധിച്ച അറിയിപ്പ് നൽകി. നോട്ടീസിൽ തങ്ങളുടെ വിഹിതം രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുഞ്ഞു സഹോദരിയായ മൽഖയെ ഏറ്റെടുത്തുകൊണ്ടായിരുന്നു കുട്ടികൾ ധനശേഖരണത്തോട് പ്രതികരിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് പറഞ്ഞു. പത്ത് റിയാൽ മുതൽ ആയിരം റിയാൽ വരെ തന്നവരുണ്ട്. രക്ഷിതാക്കൾ 25ഉം 50 റിയാൽ നൽകിയപ്പോൾ, തങ്ങളുടെ ചെറുസമ്പാദ്യത്തിൽനിന്ന് ഒരു വിഹിതം കൂടി കൂട്ടിച്ചേർത്തും ചിലർ നൽകി. കുട്ടികൾക്കൊപ്പം സ്കൂൾ അധ്യാപക-അനധ്യാപക ജീവനക്കാരും മാനേജ്മെന്റും ചേർന്നാണ് ഇത്രയും തുക സമഹാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ ദൗത്യത്തിൽ പങ്കുചേർന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നന്ദി അറിയിക്കുന്നതായും പ്രിൻസിപ്പൽ അറിയിച്ചു.
ഇതുവരെ സമാഹരിച്ചത് നാലിലൊന്ന് തുക
രണ്ടു മാസത്തിലേറെയായി തുടരുന്ന ഫണ്ട് സമാഹരണത്തിൽ ഇതുവരെ കണ്ടെത്താനായത് ആവശ്യമായതിന്റെ നാലിലൊന്ന് തുകമാത്രം. മൽഖയുടെ ചികിത്സക്ക് ആവശ്യമായ മരുന്നിന്റെ തുക 1.16 കോടി റിയാലാണെങ്കിൽ, വെള്ളിയാഴ്ച വരെ ഖത്തർ ചാരിറ്റി അക്കൗണ്ടിലെത്തിയത് 30.72 ലക്ഷം റിയാലാണ്. ആവശ്യമായതിന്റെ 26 ശതമാനം മാത്രം. ഇനിയും 85.81 ലക്ഷം റിയാൽ മരുന്നെത്തിക്കാൻ ആവശ്യമാണ്. വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാവരും ഈ ദൗത്യത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.