Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. സന്ദീപ് ഘോഷ്...

ഡോ. സന്ദീപ് ഘോഷ് നുണപരിശോധനക്കിടെ നൽകിയത് ‘കബളിപ്പിക്കുന്ന’ ഉത്തരങ്ങളെന്ന് സി.ബി.ഐ

text_fields
bookmark_border
ഡോ. സന്ദീപ് ഘോഷ് നുണപരിശോധനക്കിടെ നൽകിയത് ‘കബളിപ്പിക്കുന്ന’ ഉത്തരങ്ങളെന്ന് സി.ബി.ഐ
cancel

കൊൽക്കത്ത: ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പോളിഗ്രാഫ് ടെസ്റ്റിലും ശബ്ദ പരിശോധനയിലും ആർ.ജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് നൽകിയ ഉത്തരങ്ങൾ കബളിപ്പിക്കുന്നവയാണെന്ന് കേസ് ​അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥർ.

ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സി.ബി.ഐ സെപ്റ്റംബർ രണ്ടിനാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്. മൃതദേഹ വിൽപനയും മാലിന്യക്കടത്തും അടക്കം ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഡോ. ഘോഷിനെതിരെ ഏജൻസി തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തി. അന്വേഷണത്തിനിടെ ഘോഷിനെ ശബ്ദ പരിശോധനക്കും പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കി. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളിൽ ഇയാളുടെ മറുപടി ‘വഞ്ചനാപരമാണെന്ന്’ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പോളിഗ്രാഫ് പരിശോധനക്കിടെ വെളിപ്പെടുത്തുന്ന വിവരങ്ങൾ വിചാരണക്കിടെ തെളിവായി ഉപയോഗിക്കാനാകില്ലെന്നും എന്നാൽ, കോടതിയിൽ ഉപയോഗിക്കാവുന്ന സ്ഥിരീകരണ തെളിവുകൾ ശേഖരിക്കുമെന്നും സി.ബി.ഐ പറഞ്ഞു. സംശയിക്കുന്നവരുടെയും സാക്ഷികളുടെയും മൊഴികളിലെ അപാകതകൾ വിലയിരുത്താൻ പോളിഗ്രാഫ് പരിശോധന സഹായിക്കും. അവരുടെ മനഃശാസ്ത്രപരമായ പ്രതികരണങ്ങൾ, ഹൃദയമിടിപ്പ്, ശ്വസനരീതി, വിയർപ്പ്, രക്തസമ്മർദ്ദം എന്നിവ നിരീക്ഷിച്ചുകൊണ്ട് അന്വേഷകർക്ക് അവരുടെ പ്രതികരണങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് നിർണയിക്കാനാകും.

ആഗസ്റ്റ് ഒമ്പതിന് രാവിലെ 9.58ന് ട്രെയ്നി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിവരം ഡോ. ഘോഷിന് ലഭിച്ചെങ്കിലും ഇയാൾ ഉടൻ പൊലീസിൽ പരാതി നൽകിയില്ലെന്ന് സി.ബി.ഐ ആരോപിച്ചു. ഇര 12.44നാണ് മരിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് മെഡിക്കൽ സൂപ്രണ്ട്-വൈസ് പ്രിൻസിപ്പൽ മുഖേന ഘോഷ് ‘അവ്യക്തമായ പരാതി’ നൽകിയതായും അവർ പറഞ്ഞു. ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചില്ല. പകരം ആത്മഹത്യയെന്ന നിലയിൽ പുതിയ വ്യാഖ്യാനം കൊണ്ടുവന്നു. പൊലീസ് സ്‌റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത്ത് മൊണ്ടലുമായി രാവിലെ 10.03 നും അഭിഭാഷകനുമായി ഉച്ചക്ക് 1.40 നും ഘോഷ് ബന്ധപ്പെട്ടതായും രാത്രി 11.30ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണ ഏജൻസി പറയുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത മൊണ്ടലിന് ആഗസ്റ്റ് 9ന് രാവിലെ 10.03 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ഉടൻ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയില്ല.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും കുറ്റകൃത്യം നടന്ന സ്ഥലം സംരക്ഷിക്കുന്നതിലും മൊണ്ടൽ പരാജയപ്പെട്ടത് സംഭവ സ്ഥലത്തെ സുപ്രധാന തെളിവുകൾക്ക് നാശം വരുത്തി. കുറ്റാരോപിതനായ സഞ്ജയ് റോയിയെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അനധികൃതമായി പ്രവേശനം നേടിയ മറ്റുള്ളവരെയും സംരക്ഷിക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രി അധികൃതരുമായും മറ്റ് അജ്ഞാതരായ വ്യക്തികളുമായും ഗൂഢാലോചന നടത്തിയാണ് ഘോഷ് ആശുപത്രി ഡയറി എൻട്രിയിൽ മനഃപൂർവം തെറ്റായ വിശദാംശങ്ങൾ പരാമർശിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് വേഗത്തിൽ അയക്കാൻ കീഴുദ്യോഗസ്ഥരോട് ഘോഷ് നിർദേശിച്ചതായി അവർ പറഞ്ഞു.

ആഗസ്റ്റ് 9ന് പുലർച്ചെ ഷിഫ്റ്റിനിടെ വിശ്രമിക്കാൻ പോയ ട്രെയ്നി ഡോക്ടറെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവദിവസം പുലർച്ചെ 4.03ന് സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ട പോലീസ് വളന്‍റിയറായ സഞ്ജയ് റോയിയെ അടുത്ത ദിവസം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 13ന് കൽക്കട്ട ഹൈകോടതി അന്വേഷണം കൊൽക്കത്ത പൊലീസിൽനിന്ന് സി.ബി.ഐക്ക് മാറ്റാൻ ഉത്തരവിട്ടു. ആഗസ്റ്റ് 14 ന് സി.ബി.ഐ കേസ് ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students protestpolygraph testCBIRG Kar Medical CollegeSandip Ghosh
News Summary - RG Kar Medical College's ex-principal Sandip Ghosh gave 'deceptive' answers during polygraph, claims CBI
Next Story