പ്രതിഷേധങ്ങൾക്ക് പൂട്ടിട്ട് ജെ.എൻ.യു; ക്യാമ്പസിൽ സമരം ചെയ്താൽ 20,000 പിഴ, ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ 10,000
text_fieldsന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുക ലക്ഷ്യമിട്ട് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ. നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതം പിഴയിടും.
മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. പോസ്റ്ററുകൾ ലഘുലേഖകൾ തുടങ്ങിയവയിൽ മോശം ഭാഷ ഉപയോഗിച്ചാലും ജാതീയ-വർഗീയ വേർതിരിവുണ്ടാക്കുന്ന പ്രയോഗങ്ങൾ നടത്തിയാലും 10,000 രൂപ പിഴയിടും.
അധികൃതരുടെ അനുവാദമില്ലാതെ ക്യാമ്പസിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ 6000 രൂപയാണ് പിഴ. സർവകലാശാലക്കുള്ളിൽ പുകവലിച്ചാൽ 500 രൂപയും പിഴയിടും. മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവക്ക് 8000 രൂപയാണ് പിഴ.
വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുതിയ പെരുമാറ്റച്ചട്ടത്തിനെതിരെ സർവകലാശാല യൂനിയൻ രംഗത്തെത്തിയിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സർവകലാശാല അധികൃതരുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് യൂനിയൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പോലും പിന്തിരിപ്പിക്കുക ലക്ഷ്യമിട്ടാണിത്. ജെ.എൻ.യു പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്ന ക്യാമ്പസ് സംസ്കാരത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.