ഗുജറാത്തിൽ ഉത്തരക്കടലാസിൽ കണക്കുകൂട്ടി തെറ്റിച്ചത് 9000 അധ്യാപകർ; ഒന്നരക്കോടി പിഴയിട്ടു
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ മാർക്കുകൾ കൂട്ടിയത് തെറ്റിച്ച 9000ത്തിലേറെ അധ്യാപകർക്ക് ഒന്നരക്കോടി രൂപ പിഴയിട്ടു. രണ്ട് വർഷത്തെ പരീക്ഷ മൂല്യനിർണയത്തിൽ ഉത്തരക്കടലാസിലെ മാർക്കുകൾ കൂട്ടുന്നതിൽ തെറ്റ് വരുത്തിയ അധ്യാപകരുടെ കണക്കാണിത്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോറാണ് കണക്ക് നൽകിയത്.
മൂല്യനിർണയത്തിൽ തെറ്റുകൾ വരുന്ന പരാതിയെ തുടർന്ന് ഓരോ കേന്ദ്രത്തിലും മാർക്കുകൾ കൂട്ടിയത് പരിശോധിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനയിലാണ് രണ്ട് വർഷത്തെ മൂല്യനിർണയത്തിൽ 9218 അധ്യാപകരുടെ കണക്ക് പിഴച്ചതായി കണ്ടെത്തിയത്.
പത്താം ക്ലാസ് മൂല്യനിർണയം നടത്തിയ 3350 അധ്യാപകരും 12ാം ക്ലാസ് മൂല്യനിർണയം നടത്തിയ 5868 അധ്യാപകരും മൊത്തം മാർക്ക് കൂട്ടിയിടുന്നതിൽ തെറ്റുവരുത്തി. 1.54 കോടി രൂപയാണ് അധ്യാപകരിൽ നിന്ന് പിഴ ചുമത്തിയത്. ഒരു അധ്യാപകന് ശരാശരി 1600 രൂപ വരുമിത്. ഒരുകോടിയോളം രൂപ അധ്യാപകർ പിഴയടച്ചുകഴിഞ്ഞു.
53.97 ലക്ഷത്തോളം പിഴ ഇനിയും അടക്കാനുണ്ട്. ഇതിനായി സ്കൂളുകൾ വഴി ജില്ല വിദ്യാഭ്യാസ ഓഫിസർമാർ അധ്യാപകരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.