Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാഫ് കപ്പ് ഇന്ത്യക്ക്;...

സാഫ് കപ്പ് ഇന്ത്യക്ക്; സഡൻ ഡെത്തിൽ കുവൈത്തിനെ വീഴ്ത്തി ഒമ്പതാം കിരീടം

text_fields
bookmark_border
സാഫ് കപ്പ് ഇന്ത്യക്ക്; സഡൻ ഡെത്തിൽ കുവൈത്തിനെ വീഴ്ത്തി ഒമ്പതാം കിരീടം
cancel

ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ ഇന്ത്യൻ അപ്രമാദിത്വത്തിന് അടിവരയിട്ട് ഒമ്പതാം കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും സമനില പൂട്ടിലായ കളിയിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യൻ ജയം. സ്കോർ: നിശ്ചിത സമയം: 1-1, ഷൂട്ടൗട്ട്: 5-4. അതിഥികളായെത്തി കപ്പിൽ മുത്തമിടാനുള്ള കുവൈത്ത് മോഹങ്ങൾ ടൈബ്രേക്കറിൽ ക്യാപ്റ്റൻ ഖാലിദ് അൽ ഹാജിയയുടെ കിക്ക് തടഞ്ഞ് ഗോളി ഗുർപ്രീത് സിങ് ഇന്ത്യൻ വീരനായി മാറി. ഈ വർഷം ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്. അഞ്ചു ഗോളുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ചാമ്പ്യൻഷിപ്പിലെ ടോപ്സ്കോറർ. സ്വന്തം മണ്ണിൽ സാഫ് കപ്പ് ഫൈനലിൽ ഇതുവരെ തോൽവിയില്ലെന്ന റെക്കോഡും ഇന്ത്യ നിലനിർത്തി. ഈ ജയത്തോടെ ഛേത്രിയും കൂട്ടരും തോൽവിയറിയാതെ പതിനൊന്ന് മത്സരം പിന്നിട്ടു.

രക്ഷകനായി ഗുർപ്രീത്

ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ഛേത്രി കുവൈത്ത് ഗോളി മർസൂഖിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയപ്പോൾ കുവൈത്തിന്‍റെ മുഹമ്മദ് അബ്ദുല്ലയുടെ കിക്ക് വലത്തോട്ട് ചാടി ഗുർപ്രീത് തടഞ്ഞു. ഗാലറിയിൽ ആവേശത്തിരയുയരവെ ഇന്ത്യക്കായി സന്ദേശ് ജിങ്കാൻ രണ്ടാം കിക്ക് വലയിലാക്കി. പിന്നീട് കുവൈത്തിന്‍റെ അൽതൊയ്ബി, ദെഫ്രി , മെഹ്റാൻ, ഷബൈബ് എന്നിവരും ഇന്ത്യയുടെ ചാങ്തെ, സുഭാഷിഷ് എന്നിവരും സ്കോർ ചെയ്തപ്പോൾ ഉദാന്തക്ക് പിഴച്ചു (സ്കോർ: 4-4). ടൈബ്രേക്കറിൽ ആദ്യ ഷോട്ട് മഹേഷ് വലയിലെത്തിച്ചപ്പോൾ കുവൈത്ത് ക്യാപ്റ്റൻ ഹാജിയയെ ഗുർപ്രീത് പിടികൂടി.

നിശ്ചിത സമയം 1-1

ഗ്രൂപ്പ് ഘട്ടത്തിൽ കുവൈത്തിനെതിരായ കളിയിലിറങ്ങിയ ആദ്യ ഇലവനിൽനിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഗോൾ കീപ്പർ അമരീന്ദറിന് പകരം ഗുർപ്രീത് സിങ് സന്ധുവും അറ്റാക്കിങ് മിഡ് ഫീൽഡറായ മഹേഷ് സിങ് നൊയോറത്തിന് പകരം സഹൽ അബ്ദുൽ സമദും ഇറങ്ങി. പ്രതിരോധത്തിൽ തിരിച്ചെത്തിയ സന്ദേശ് ജിങ്കാനൊപ്പം അൻവർ അലി, ആകാശ് മിശ്ര, നിഖിൽ പൂജാരി എന്നിവരും മധ്യനിരയിൽ ലാലിയൻ സുവാല ചാങ്തെ, ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ് എന്നിവരും അണിനിരന്നു. ക്യാപ്റ്റൻ സുനിൽ ചേത്രിക്കൊപ്പം ആഷിക് കുരുണിയനായിരുന്നു ആക്രമണ ചുമതല. ഹോം ജഴ്സിയിലല്ലാതെ ഓറഞ്ചു ജഴ്സിയുമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്.

ഇന്ത്യൻ ടച്ചോടെയായിരുന്നു കിക്കോഫ്. നാലാം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ അറ്റാക്ക്. ആകാശ് മിശ്രയുടെ ത്രോ ബാൾ സ്വീകരിച്ച് സഹൽ വിദഗ്ധമായി ആഷിഖിന് നൽകി. വലതു ബോക്സിന് പുറത്തുനിന്ന് ആഷിഖ് നൽകിയ ക്രോസിൽ ചാങ്തെ ഹെഡറുതിർത്തെങ്കിലും പന്ത് പൊസിഷനിലായിരുന്ന ഗോളി അബ്ദുറഹ്മാൻ മർസൂഖിന്‍റെ കൈയിൽ.

ഏഴാം മിനിറ്റിൽ ആഷിഖിന്‍റെ അറ്റാക്കിൽനിന്ന് ഇന്ത്യ ആദ്യ കോർണർ കണ്ടെത്തി. കൗണ്ടർ അറ്റാക്കിൽ കുവൈത്ത് ഇന്ത്യൻ ഗോൾമുഖത്തെത്തിയെങ്കിലും മുബാറക് അൽഫനീനി ഓഫ്സൈഡ് കെണിയിലായി. നിറഞ്ഞ ഗാലറിയിൽ ആർത്തുവിളിച്ച ഇന്ത്യൻ ആരാധകരെ നിരാശയിലാക്കി സന്ദർശകർ 15ാം മിനിറ്റിൽ വല കുലുക്കി. മൈതാന മധ്യത്തിൽനിന്ന് കുതിച്ച അൽഫനീനി പന്ത് അൽ ബലൂഷിക്ക് കൈമാറി. പ്രതിരോധനിരയെ മറികടന്ന് അസിസ്റ്റ് സ്വീകരിച്ച പത്താം നമ്പർ താരം ഷബൈബ് അൽ ഖാലിദി ഗോളി ഗുർപ്രീതിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി (0-1).

കളി ഇടക്ക് പരുക്കനായി മാറിയതോടെ കുവൈത്തിന്‍റെ ഹസൻ അലനെസിയും ഇന്ത്യയുടെ അൻവറലിയും പരിക്കേറ്റ് പുറത്തായി. പകരം ഹമദ് അൽ ശർബിയും മെഹ്താബ് സിങ്ങും ഇറങ്ങി. തുടർച്ചയായ അറ്റാക്കുകൾക്കൊടുവിൽ 38ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. മികച്ച പാസിങ് ഗെയിമിനൊടുവിലായിരുന്നു സമനിലഗോൾ. മെഹ്താബിന്‍റെ ഓവർ പാസ് ഹെഡ് ചെയ്തകറ്റാനുള്ള കുവെത്ത് താരത്തിന്‍റെ ശ്രമം പാളിയപ്പോൾ ആഷിഖ് കുരുണിയൻ പന്ത് പിടിച്ചെടുത്തു. രണ്ട് കുവൈത്ത് താരങ്ങളെ വട്ടം ചുറ്റിച്ച് പന്ത് സുനിൽ ചേത്രിക്ക് കൈമാറി. എതിർ പ്രതിരോധത്തിൽ വിടവ് കണ്ടെത്തിയ ചേത്രി വൺ ടച്ചിൽ പന്ത് സഹലിനായി ബോക്സിലേക്ക് നീട്ടിനൽകി. ഓടിയെടുത്ത സഹലിന്‍റെ പാസിൽ ചാങ്തെയുടെ സമർഥമായ ഫിനിഷിങ് (1-1). സമനില ഗോളിന് പിന്നാലെ ഇന്ത്യ ആക്രമണം കനപ്പിച്ചു.

രണ്ടാം പകുതിയിലും ആതിഥേയർതന്നെയായിരുന്നു കൂടുതലും ആക്രമണം. 53ാം മിനിറ്റിൽ മൂന്ന് കുവൈത്ത് താരങ്ങൾ തീർത്ത പ്രതിരോധ പൂട്ട് പൊട്ടിച്ച് സഹൽ നൽകിയ പാസ് എതിർ പ്രതിരോധത്തിലെ വിടവിൽ ചേത്രിക്ക് പാകമായെത്തിയെങ്കിലും കണക്ട് ചെയ്യാനായില്ല. 72ാം മിനിറ്റിൽ ആതിഥേയർ രണ്ടു മാറ്റം വരുത്തി. ആഷിഖിന് പകരം മഹേഷും ഥാപ്പക്ക് പകരം രോഹിതും കളത്തിലെത്തി. ഇറങ്ങിയയുടൻ എതിർ താരത്തെ ഫൗൾ ചെയ്തതിന് രോഹിത് മഞ്ഞക്കാർഡും കണ്ടു. നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റിൽ ആക്രമണത്തിന് വേഗം കൂട്ടാൻ സഹലിന് പകരം ഇന്ത്യ ഉദാന്തയെ കളത്തിലിറക്കി. ഇഞ്ചുറി ടൈമിൽ മുഹമ്മദ് അബ്ദുല്ലയുടെ നിലംപറ്റെയുള്ള വലങ്കാലൻ ഷോട്ട് ശ്രമകരമായി ഗുർപ്രീത് ഡൈവ് ചെയ്ത് അപകടമൊഴിവാക്കി.

അധിക സമയത്ത് അപകടമൊഴിവാക്കി

എക്സ്ട്രാ ടൈമിൽ തുടർച്ചയായ ആക്രമണങ്ങളുമായി കുവൈത്ത് കളി തിരിച്ചുപിടിച്ചു. ആദ്യ അഞ്ചു മിനിറ്റിനിടെ മൂന്നു കോർണർ ഇന്ത്യ വഴങ്ങി.

97ാം മിനിറ്റിൽ ഉദാന്തയെ ഫൗൾ ചെയ്തതിന് കുവൈത്ത് ബോക്സിന് പുറത്ത് ഇന്ത്യക്ക് അനുവദിച്ച ഫ്രീകിക്കിൽനിന്ന് മഹേഷും ചേത്രിയും ഉദാന്തയും ചേർന്ന് സുന്ദരമായ നീക്കം നടത്തിയെങ്കിലും ഗോളാക്കാനായില്ല. പകരക്കാരനായിറങ്ങിയ ഈദ് അൽ റാഷിദി ഗുർപ്രീതിനെ പരീക്ഷിക്കുന്നത് കണ്ടാണ് ആദ്യ പകുതി പിരിഞ്ഞത്. ഇടവേളയുടെ പിന്നാലെ സിക്സ്യാർഡ് ബോക്സിൽ ഫവാസ് അൽതൊയ്ബിയുടെ ഷോട്ടിന് മെഹ്താബ് സിങ് തടയിട്ടില്ലായിരുന്നെങ്കിൽ കുവൈത്ത് ലീഡുയർത്തിയേനെ.

113ാം മിനിറ്റിൽ ആകാശ് മിശ്രയെ പിൻവലിച്ച് കോച്ച് സുഭാശിഷ് ബോസിനെ നിയോഗിച്ചു. 119ാം മിനിറ്റിൽ ഇന്ത്യ കുവൈത്ത് ഗോൾമുഖം വിറപ്പിച്ചു. വലതുവിങ്ങിൽ രോഹിതും പൂജാരിയും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ പൂജാരി നൽകിയ ഒന്നാന്തരം ക്രോസ് ബോക്സിൽ ഉദാന്ത നെഞ്ചിൽ സ്വീകരിച്ചിറക്കിയെങ്കിലും ഷോട്ട് പുറത്തേക്കായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAFF Championship 2023
News Summary - SAFF Championship Final 2023: India Beat Kuwait 5-4 On Penalties
Next Story