സതീശൻ പാച്ചേനി അന്തരിച്ചു
text_fieldsകണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡൻറുമായ സതീശൻ പാച്ചേനി (54) നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ഒരാഴ്ചയിലേറെയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില വഷളായി. വെന്‍റിലേറ്ററിൽ തുടരവേ വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് അന്ത്യം. സംസ്കാരം വെള്ളിയാഴ്ച കണ്ണൂർ പയ്യാമ്പലത്ത്. കണ്ണൂർ ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം രാവിലെ 11.30ന് വിലാപയാത്രയായി പയ്യാമ്പലത്തെത്തിക്കും.
കമ്യൂണിസ്റ്റ് തറവാട്ടില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ വ്യക്തിയാണ് അദ്ദേഹം. തളിപ്പറമ്പിനടുത്ത പാച്ചേനിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും കര്‍ഷകത്തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് ജനനം.
ആറുതവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെങ്കിലും തുടർച്ചയായി പരാജയപ്പെട്ടു. 2001ലും 2006ലും നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് അന്ന് കെ.എസ്.യു നേതാവായിരുന്ന സതീശനെയായിരുന്നു. 2001ൽ വി.എസിനെ വിറപ്പിച്ച പാച്ചേനി നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. 2009ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ എം.ബി. രാജേഷിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി.
1979ല്‍ പരിയാരം ഗവ. ഹൈസ്കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപവത്കരിച്ച് പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. 1999ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായി. 2001 മുതല്‍ തുടര്‍ച്ചയായി 11 വര്‍ഷക്കാലം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു. 2016 മുതൽ അഞ്ചുവർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്‍റായിരുന്നു.
തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. മക്കൾ: ജവഹർ (ബിരുദ വിദ്യാർഥി, ദേവഗിരി കോളജ്, കോഴിക്കോട്), സാനിയ (പ്ലസ് ടു വിദ്യാർഥി, ഉർസുലിൻ എച്ച്.എസ്.എസ്, കണ്ണൂർ). സഹോദരങ്ങള്‍: സുരേശന്‍ (സെക്രട്ടറി, തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.