ഭീമൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നുവെന്ന് നാസ
text_fieldsഭീമൻ ഛിന്നഗ്രഹം 388945 (2008 TZ3) തിങ്കളാഴ്ച പുലർച്ചെ 2.48 ന് ഭൂമിക്കടുത്തെത്തുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ) മുന്നറിയിപ്പ് നൽകി.
ഛിന്നഗ്രഹത്തിന് 1,608 അടി വീതിയുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇതിന് ഈഫൽ ടവറിനേക്കാളും സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാളും ഉയരമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബഹിരാകാശ പാറ ഭൂമിയിൽ പതിച്ചാൽ വൻ നാശമാണ് വിതക്കുക. അതേസമയം ഛിന്നഗ്രഹം 2.5 ദശലക്ഷം മൈൽ അകലെ നിന്ന് നമ്മെ കടന്നുപോകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇത് വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. അതുകൊണ്ട് നാസ ഇതിനെ "അടുത്ത സമീപനം" എന്നാണ് വിളിക്കുന്നത്.
ഛിന്നഗ്രഹം 388945 ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് ഇതാദ്യമല്ലെന്നും 2020 മെയ് മാസത്തിൽ അത് ഭൂമിയുടെ 1.7 ദശലക്ഷം മൈൽ അകലെ കടന്നുപോയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഓരോ രണ്ട് വർഷത്തിലും സൂര്യനെ വലയം ചെയ്യുമ്പോൾ ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്നുപോകാറുണ്ടെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
2024 മെയ് മാസത്തിൽ ഛിന്നഗ്രഹം ഭൂമിക്ക് 6.9 ദശലക്ഷം മൈൽ അകലത്തിൽ കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ. 2163ൽ അത് കുറച്ചുകൂടി അടുത്തുവരുമെന്നും ശാസ്ത്രഞ്ജർ സൂചിപ്പിച്ചു. ഒരു ഛിന്നഗ്രഹം 4.65 ദശലക്ഷം മൈലിനുള്ളിൽ വരികയും നിശ്ചിത വലുപ്പത്തിൽ കൂടുതലുമാണെങ്കിൽ ബഹിരാകാശ ഏജൻസികൾ അതിനെ അപകടസാധ്യതയുള്ളതായി കണക്കാക്കുന്നു.
ഛിന്നഗ്രഹങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണ്. ഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ വിശാലമായ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും. ചില കൂറ്റൻ ബഹിരാകാശ പാറകൾ ഭൂമിക്ക് അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ നാസ ഉൾപ്പെടെയുള്ള പല ബഹിരാകാശ ഏജൻസികളും ഈ അപകടകരമായ ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ പ്രതിരോധിക്കാൻ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നാസ അടുത്തിടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് ദൗത്യം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.